വൻ ഹൈപ്പോടെ എത്തിയ ജയിലർ 2-ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറഞ്ഞതിൽ ആരാധകർ നിരാശയിലാണ്.
വന് പ്രീ റിലീസ് ഹൈപ്പ് നേടിയ ജയിലര് 2 തിയറ്ററുകളിലെത്തിയത് ഇന്നാണ്. രജനികാന്തിനെ നായകനാക്കി നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രം അതിലെ അതിഥിതാരങ്ങളുടെ ലിസ്റ്റ് കൊണ്ട് കൂടിയാണ് ഇത്രയും ഹൈപ്പ് നേടിയത്. ആദ്യ ഭാഗത്തില് ഗസ്റ്റ് റോളിലെത്തിയ മോഹന്ലാല് അടക്കമുള്ളവര് ചിത്രത്തില് ഉണ്ട്. ആദ്യ ഭാഗത്തില് മോഹന്ലാലിന്റെ മാത്യു എന്ന കഥാപാത്രം വലിയ ആരാധകപ്രീതി നേടിയതായതിനാല് രണ്ടാം ഭാഗം സംബന്ധിച്ച് മോഹന്ലാല് ആരാധകര്ക്ക് പ്രതീക്ഷ കൂടുതലായിരുന്നു. എന്നാല് ചിത്രം കണ്ടതിന് ശേഷം അവര് തൃപ്തരല്ല. തങ്ങള് പ്രതീക്ഷിച്ച അളവില് മോഹന്ലാലിന് സ്ക്രീന് ടൈം ഇല്ലെന്ന പരാതി സോഷ്യല് മീഡിയയില് ആദ്യ ഷോയ്ക്ക് പിന്നാലെ എത്തുന്നുണ്ട്. ഇപ്പോഴിതാ അതില് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില് മോഹന്ലാലിന്റെ കോസ്റ്റ്യൂം ഡിസൈനര് ആയ ജിഷാദ് ഷംസുദ്ദീന്.
ചിത്രത്തിലെ മോഹന്ലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകള് പൂര്ണ്ണമായും വെട്ടിമാറ്റപ്പെട്ടുവെന്ന് ജിഷാദ് ആരോപിക്കുന്നു. ചിത്രത്തിന് അടുത്ത ഒരു ഭാഗം വന്നാല് താന് അതുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. സോഷ്യല് മീഡിയയിലൂടെയാണ് ജിഷാദിന്റെ കുറിപ്പ്. ചിത്രത്തിലെ മോഹന്ലാല് കഥാപാത്രത്തിനുവേണ്ടി താന് ഡിസൈന് ചെയ്ത കോസ്റ്റ്യൂംസിന്റെ ചിത്രങ്ങളും ജിഷാദ് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ജിഷാദിന്റെ കുറിപ്പ്
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്ക്കും: ജയിലർ 2 തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ വേളയിൽ, പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു!! ഷൂട്ട് ചെയ്ത രംഗങ്ങളുടെ അടിസ്ഥാനത്തിൽ, നമ്മുടെ വർക്കിൽ എനിക്ക് പൂർണ്ണ ത്മവിശ്വാസമുണ്ടായിരുന്നു, ട്രെയിലറിൽ അത് വെറും രണ്ട് സെക്കൻഡ് മാത്രമായി ചുരുങ്ങിയപ്പോൾ പോലും. എന്നാൽ സിനിമ റിലീസായപ്പോൾ മോഹൻലാൽ സാറിന്റെ തികച്ചും വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണ്ണമായും വെട്ടിമാറ്റപ്പെട്ടു. എന്ന് തന്നെയല്ല, ആ ട്രെയിലറിലെ രംഗം പോലും ചിത്രത്തിൽ നിന്ന് ഒഴിവാക്കി.
സിനിമയിലെ എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ മോഹൻലാൽ സാറിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ രംഗങ്ങൾ ഇങ്ങനെ വെട്ടിമാറ്റുന്നത് തികച്ചും അനാവശ്യമാണ്. നമ്മുടെ സൂപ്പർസ്റ്റാറിനെ ഇത്തരത്തിൽ ചുരുക്കിക്കാണിക്കുന്നത് കണ്ട സ്ഥിതിക്ക്, ഇതിനൊരു തുടര്ച്ച (Sequel) ഉണ്ടായാലും അതിൽ ഞാൻ ഭാഗമാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആനുകൂല്യങ്ങൾക്കോ ലാഭത്തിനോ കോടി ക്ലബ്ബുകൾക്കോ അല്ലെങ്കിൽ താരപദവിക്കോ വേണ്ടിയല്ല ഞാൻ നിലകൊള്ളുന്നത്, മറിച്ച് ആരാധകർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും പിന്നെ മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ്. എന്റെ ഈ യാത്രയിൽ എല്ലായ്പ്പോഴും ഒപ്പം നിൽക്കുന്നതിന് നന്ദി.
- ജിഷാദ് ഷംസുദ്ദീൻ

