സിനിമാ മേഖലയിലടക്കമുള്ള പ്രമുഖരുടെ മക്കള്‍ വളര്‍ന്നുവലുതാകുമ്പോള്‍ അവര്‍ ജനങ്ങളില്‍ നിന്നും മറ്റുമൊക്കെ നേരിടുന്ന ഒരു ചോദ്യമുണ്ട്. മാതാപിതാക്കളുടെ വഴിയേ തന്നെയാണോ സഞ്ചാരമെന്ന്. മാതാപിതാക്കളുടെ തൊഴില്‍ മേഖല തന്നെയാണോ തെരഞ്ഞെടുക്കുന്നത് എന്ന്. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്‍മയയും ഏതു മേഖലയിലേക്കാകും എത്തുകയെന്നും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. ഒടുവില്‍ പ്രണവ് മോഹൻലാല്‍ സിനിമയിലേക്ക് തന്നെ എത്തിയപ്പോള്‍ മകള്‍ വിസ്‍മയ മറ്റൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്.

പ്രണവ് സഹസംവിധായകനായി തുടങ്ങിയാണ് നായകനായി മാറിയത്. അതേസമയം വിസ്‍മയ എഴുത്തിന്റെ വഴിയിലേക്കാണ്. അഭിനയമല്ല തന്റെ ഇഷ്‍ട മേഖല എന്ന് വ്യക്തമാക്കുകയാണ് വിസ്‍മയ. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്‍തകത്തിന് പേരിട്ടത്. പുസ്‍തകത്തിന്റെ വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്നും വിസ്‍മയ പറയുന്നു.