വ്യാഴാഴ്ച 7 ചിത്രങ്ങള്‍‌, വെള്ളിയാഴ്ച രണ്ടും

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ജനപ്രിയ ചിത്രമെന്ന അഭിപ്രായവുമായി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഈ മാസം 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആറാം ദിനമായ ഇന്ന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. പ്രവര്‍ത്തിദിനങ്ങളിലും ​ഗംഭീര ഒക്കുപ്പന്‍സിയുമായി തിയറ്ററുകളില്‍ തുടരുകയാണ് ചിത്രം. അതേസമയം വാരാന്ത്യത്തില്‍ പുതിയ 9 ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. പുതിയ റിലീസുകള്‍ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടില്‍ കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ല. 

തൊഴിലാളി ദിനമായ നാളെ വിവിധ ഭാഷകളിലായി കേരളത്തില്‍ റിലീസ് ചെയ്യപ്പെടുന്നത് ഏഴ് ചിത്രങ്ങളാണ്. മെയ് 2 ന് രണ്ട് മലയാള ചിത്രങ്ങളും എത്തും. പുതിയ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയം രണ്ട് ചിത്രങ്ങളാണ്. സൂര്യ നായകനായ തമിഴ് ചിത്രം റെട്രോയും നാനി നായകനായ തെലുങ്ക് ചിത്രം ഹിറ്റ്: ദി തേഡ് കേസും. ഇതില്‍ ഹിറ്റ് 3 ന് മലയാളം പതിപ്പും റിലീസിന് എത്തും. ദുല്‍ഖര്‍ സല്‍മാന്‍‌റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. സൂര്യയുടെ ഏറെക്കാലത്തിന് ശേഷം ഹൈപ്പോടെ എത്തുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ സൂര്യ എത്തുന്നു എന്നതാണ് ഹൈലൈറ്റ്. ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ പരം നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ട്രിവാന്‍ഡ്രം ഏരിയയില്‍ നാളെ റെട്രോയ്ക്ക് 127 ഷോകള്‍ ഉണ്ടെങ്കില്‍ തുടരുമിന് 206 ഷോകളാണ് ഉള്ളത്. 

സൂര്യ ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ലഭിക്കുന്നുണ്ട്. ആദ്യ ദിനം മികച്ച അഭിപ്രായം ലഭിക്കുന്നപക്ഷം ചിത്രം കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ട്രാക്കര്‍മാരായ ആന്ധ്ര ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം ഹിറ്റ് 3 അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതുവരെ നേടിയ ആഗോള ഗ്രോസ് 14 കോടിയാണ്. നാനിയുടെ കരിയറിലെ മികച്ച ഓപണിംഗുകളില്‍ ഒന്നുമായിരിക്കും ചിത്രം. 

തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി, ഹിന്ദി ചിത്രങ്ങളായ റെയ്ഡ് 2, ദി ഭൂത്‍നി, ഇംഗ്ലീഷ് ചിത്രങ്ങളായ തണ്ടര്‍ബോള്‍ട്‍സ്, ദി ലെജന്‍ഡ് ഓഫ് ഒച്ചി എന്നിവയാണ് നാളെ (മെയ് 1) എത്തുന്ന മറ്റ് ചിത്രങ്ങള്‍. എന്നാല്‍ നഗര കേന്ദ്രങ്ങളില്‍ മാത്രമാവും ഈ ചിത്രങ്ങള്‍ക്ക് പ്രധാനമായും റിലീസ്. മെയ് 2 ന് രണ്ട് മലയാള ചിത്രങ്ങളും എത്തുന്നുണ്ട്. ഉര്‍വശി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന എല്‍ ജ​ഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്, ഡയാന ഹമീദ്, സോഹന്‍ സീനുലാല്‍, നിര്‍മല്‍ പാലാഴി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന മദര്‍ മേരി എന്നിവയാണ് ആ ചിത്രങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം