മഴ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി മോഹൻലാല്‍. ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.

വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ചു.  അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്‍പലതയ്‍ക്ക്  ഒരു ലക്ഷം രൂപയും നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൌണ്ടേഷൻ നല്‍കുമെന്നും മേജര്‍ രവി അറിയിച്ചു.

ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ അമ്മ പുഷ്‍പലതയെ വിളിച്ച സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് ട്രാൻസ്‍ഫര്‍ ചെയ്‍തത്.

ലിനുവിന്റെ അമ്മയെ  വിളിച്ച് നടൻ മമ്മൂട്ടിയും സഹായവാഗ്‍ദാനം ചെയ്‍തിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്‌. ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. യുവാക്കളുടെ സംഘം രണ്ട് തോണികളിലാണ് പുറപ്പെട്ടത്. തിരികെയെത്തിയപ്പോഴാണ് ലിനു ഒപ്പമില്ലെന്ന് രണ്ട് തോണികളിലുള്ളവരും മനസിലാക്കിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.