മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഡിസംബര്‍ 12ന് ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണെന്നും ചിത്രം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'മാമാങ്ക'ത്തെക്കുറിച്ച് മോഹന്‍ലാല്‍

ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു. പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകള്‍ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബര്‍ 12ന്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

 

വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 50 കോടിയാണ്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാജാ മുഹമ്മദും സംഘട്ടന സംവിധാനം ശ്യാം കൗശലും. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം തീയേറ്ററുകളിലെത്തും.