ഭോപ്പാല്‍: പുതുവത്സരാശംസകള്‍ നേര്‍ന്ന് നടി മൊഹേന കുമാരി സിങ് പങ്കുവെച്ച ഒരു കുടുംബചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. വിവാഹ വേഷത്തിലുള്ള ചിത്രത്തില്‍ മൊഹേന മുഖാവരണം ധരിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. നടിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. 

വിവാഹ വേഷമായ ചുവന്ന ലഹങ്ക ധരിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയാണ് മൊഹേന പങ്കുവെച്ചത്. എന്തിനാണ് മുഖം മറച്ചിരിക്കുന്നത് എന്ന് ചിത്രത്തിന് താഴെ ഒരാള്‍ കമന്‍റ് ചെയ്തു. പുരുഷാധിപത്യ ആചാരങ്ങള്‍ പിന്തുടരുന്ന ആളുകളാണിവരെന്നും വിദ്യാഭ്യാസത്തിന് പോലും ഇവര്‍ക്ക് തലച്ചോറുണ്ടാക്കാനായില്ലെന്നുമൊക്കെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

ഇതോടെ മറുപടിയുമായി മൊഹേന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ക്രിസ്ത്യാനികള്‍ വിവാഹത്തിന് മുഖം മറയ്ക്കാറുണ്ട്. മുസ്ലിംകളും അങ്ങനെ തന്നെയാണ്. അവര്‍ക്ക് ആര്‍ക്കും വിദ്യാഭ്യാസമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള രജ്പുത് ആചാരമാണ്. വിവാഹത്തിന് സ്ത്രീകള്‍ ഇത് പിന്തുടരുന്നു. ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ സ്വയം തെരഞ്ഞെടുത്തതാണിത്'- മൊഹേന കുറിച്ചു.

Read More: രശ്മി സോമന്‍ വീണ്ടും മിനിസ്ക്രീനിലേക്ക്; ഇത് വേറിട്ട കഥാപാത്രമെന്ന് താരം

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ മൊഹേന കുമാരി സിങ്. മധ്യപ്രദേശിലെ റേവ രാജകുടുംബാംഗമാണ്. പരമ്പരാഗത ആചാരപ്രകാരം ഹരിദ്വാറില്‍ വെച്ചാണ് നടി വിവാഹിതയായത്. മൊഹേനയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.