മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ സിനിമയായ 'ഹാഫ്'-ൻ്റെ ജയ്സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ് നായകനാകുന്നു 

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ഹാഫ് എന്ന സിനിമയുടെ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വലിയ മുതൽമുടക്കിൽ ഇന്ത്യക്കയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ഗോളത്തിലൂടെ ശ്രദ്ധ നേടിയ സംജാദ് ആണ്. ചിത്രത്തിന്‍റെ രചനയും സംജാദിന്‍റേത് തന്നെയാണ്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ 120 ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളാണ് ജയ്സാൽമീറിൽ പൂർത്തിയായത്.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ഷെഡ്യൂള്‍ ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യ- പാക് സംഘർഷം മൂർച്ചിക്കുന്നത്. സംഘർഷത്തിൻ്റെ പ്രതിഫലനങ്ങൾ ചിത്രീകരണത്തിന് ബുദ്ധിമുട്ടായതോടെ ഷെഡ്യൂൾ ബ്രേക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായി. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ വീണ്ടും ചിത്രീകരണം ആരംഭിക്കുകയും സുഗമമായിത്തന്നെ പൂർത്തിയാക്കുകയും ചെയ്തുവെന്ന് സംവിധായകൻ സംജാദ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ പതിനെട്ടിന് കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ആരംഭിക്കും. രണ്ടാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഷെഡ്യൂൾ. അതോടെ ഇന്ത്യയിലെ ഷെഡ്യൂൾ പൂർത്തിയാകും. പിന്നീടുള്ള ചിത്രീകരണം വിദേശങ്ങളിലാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണം റഷ്യയിലും പാരീസിലുമായിട്ടാണ് പൂർത്തിയാക്കുക. ചിത്രീകരണത്തിന് സഹായകരമാകുന്ന സമ്മർ സീസണായ ഡിസംബർ - ജനുവരി മാസങ്ങളിലായിട്ടാണ് വിദേശങ്ങളിലെ ചിത്രീകരണം പൂർത്തിയാകുക.

മൈക്ക്, ഗോളം, ഖൽബ്, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാവുന്ന ഈ ചിത്രത്തിൽ ഐശ്വര്യ (ഓഫീസർ ഓൺ ഡ്യൂട്ടി, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഫെയിം) നായികയാവുന്നു. സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം), ശ്രീകാന്ത് മുരളി എന്നിവരാണ് മലയാളത്തിൽ നിന്നുള്ള മറ്റ് അഭിനേതാക്കൾ. ബോളിവുഡ് താരം റോക്കി മഹാജൻ അടക്കം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിധ്യവും ഈ ചിത്രത്തെ ഒരു പാൻ ഇന്ത്യന്‍ സിനിമയാക്കി മാറ്റുന്നു. അരങ്ങിലും അണിയറയിലും മികച്ച പ്രതിഭകളുടെ സാന്നിധ്യമുള്ള ഈ ചിത്രത്തിൻ്റെ ആക്ഷൻ ഇന്‍ഡോനേഷ്യന്‍ സ്റ്റണ്ട് കൊറിയോഗ്രാഫറഫായ ഇകൊ ഉവൈസ് ആണ് നിര്‍വ്വഹിക്കുന്നത്. റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് ഇദ്ദേഹം. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രം കൂടിയായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം അപ്പു പ്രഭാകർ, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്, കലാസംവിധാനം മോഹൻദാസ്, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റിൽസ് സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദിയൻകുളങ്ങര, സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അബിൻ എടക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming