സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ സക്കറിയ മുഹമ്മദ് രചന നിര്‍വ്വഹിക്കുന്ന പുതിയ സിനിമ വരുന്നു. നവാഗത സംവിധായകനായ അമീന്‍ അസ്‍ലം ഒരുക്കുന്ന ചിത്രം ഒരു ചില്‍ഡ്രന്‍സ് ഫാമിലി മൂവിയാണ്. 'മോമോ ഇന്‍ ദുബൈ' എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്.

അനീഷ് ജി മേനോന്‍, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ എന്നീ ബാനറുകളില്‍ സക്കറിയ, പി ബി അനീഷ്, പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം എന്നിവരാണ് നിര്‍മ്മാണം. സക്കറിയക്കൊപ്പം ആഷിഫ് കക്കോടിയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം. എഡിറ്റിംഗ് രതീഷ് രാജ്. വരികള്‍ മുഹ്‍സിന്‍ പരാരി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പബ്ലിസിറ്റി ഡിസൈന്‍ പോപ്പ്കോണ്‍. പിആര്‍ഒ ആതിര ദില്‍ജിത്ത്.