പ്രളയകാലത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ സിനിമ വരുന്നു. എസ് കെ വില്വന്‍ തിരക്കഥയൊരുക്കി രതീഷ് രാജു എം ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മൂന്നാം പ്രളയം' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജയറാം നിര്‍വ്വഹിച്ചു. സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യാതിഥി ആയിരുന്നു.

നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റസാഖ് കുന്നത്ത് ആണ്. സംഗീതം രഘുപതി. എഡിറ്റിംഗ് ഗ്രെയ്‌സണ്‍. അഷ്‌കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്നു. പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.