നിരൂപകശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന് ഒടിടി റിലീസ്. ഒടിടി പ്ലാറ്റ്ഫോം ആയ സീ 5ല്‍ ഇന്നുമുതല്‍ ചിത്രം കാണാനാവും. 2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് പിന്നാലെയായിരുന്നു. 

ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം ഒരു പതിനാല് വയസ്സുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിക്കൊപ്പം സഞ്ജന ദീപു, ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. 'അക്ബറാ'യെത്തിയ നിവിന്‍ പോളിയുടെ പ്രകടനം വലിയ കൈയ്യടികള്‍ നേടിയിരുന്നു.

അതേസമയം മറ്റൊരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്കാണ് ഗീതു മോഹന്‍ദാസ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ചിത്രം. ഡയറക്ടര്‍, നടന്‍, ചൈല്‍ഡ് ആക്ടര്‍ എന്നീ നാല് വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കുന്നുണ്ട്. ഇന്നുമുതല്‍ ഓഗസ്റ്റ് 2 വരെയാണ് ചലച്ചിത്രോത്സവം.