ഗീതു മോഹന്‍ദാസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന 'മൂത്തോന്‍' മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‌ഘാടന ചിത്രമാവും. രാത്രി എട്ടരയോടെയാണ്‌ സംഘാടകരുടെ പ്രഖ്യാപനമെത്തിയത്‌. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ 21-ാം പതിപ്പാണ് വരുന്നത്. ഒക്ടോബര്‍ 17 മുതല്‍ 24 വരെയാണ് ചലച്ചിത്രോത്സവം.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്‍റെ മുതിര്‍ന്ന സഹോദരനെ തേടി യാത്രതിരിക്കുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം.

രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരന്‍ എഴുതുമ്പോള്‍ ഹിന്ദിയിലെ സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ടീസര്‍ ആസ്വാദകരുടെ ശ്രദ്ധ നേടിയിരുന്നു.