വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും കമല്‍ ഹാസന്‍റെ ഇന്ത്യന്‍ രണ്ടും ഒക്കെയുള്ള ലിസ്റ്റില്‍ പക്ഷേ ഒന്നാം സ്ഥാനത്ത് മറ്റൊരു ചിത്രമാണ്

തമിഴ് സിനിമയെ സംബന്ധിച്ച് ആദ്യ നാല് മാസങ്ങള്‍ മോശം സമയമായിരുന്നു. ഏപ്രില്‍ അവസാനിക്കാറാവുമ്പോഴും പറയത്തക്ക ഹിറ്റുകളൊന്നും അവിടെയില്ല. തമിഴ് റീ റിലീസുകള്‍ വച്ച് മുന്നോട്ടുപോകാന്‍ ശ്രമിച്ച തിയറ്ററുകാര്‍ക്ക് പ്രതീക്ഷ നല്‍കിയത് മലയാള സിനിമകള്‍ ആയിരുന്നു. അതേസമയം സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം തന്നെ തമിഴില്‍ പുറത്തെത്തും. ചുവടെയുള്ളത് തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന അഞ്ച് സിനിമകളുടെ ലിസ്റ്റ് ആണ്. 

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടേതാണ് ലിസ്റ്റ്. 2024 ജൂണിന് ശേഷം മാത്രം തിയറ്ററുകളിലെത്തുന്നതും ട്രെയ്‍ലര്‍ ഇനിയും വരാത്തതുമായ ചിത്രങ്ങള്‍ മാത്രം പരിഗണിച്ച് തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും കമല്‍ ഹാസന്‍റെ ഇന്ത്യന്‍ രണ്ടും ഒക്കെയുള്ള ലിസ്റ്റില്‍ പക്ഷേ ഒന്നാം സ്ഥാനത്ത് മറ്റൊരു ചിത്രമാണ്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വരേണ്ട കൈതി 2 ആണ് അത്. രണ്ടാം സ്ഥാനത്ത് ഷങ്കറിന്‍റെ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ രണ്ടും മൂന്നാം സ്ഥാനത്ത് വെങ്കട് പ്രഭുവിന്‍റെ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും. വിടുതലൈ പാര്‍ട്ട് 2, തനി ഒരുവന്‍ 2 എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ലോകേഷ് കനകരാജിന്‍റെ കരിയറിലെ രണ്ടാമത്തെ ഫീച്ചര്‍ ഫിലിം ആയിരുന്ന കൈതി 2019 ലാണ് തിയറ്ററുകളില്‍ എത്തിയത്. ലോകേഷിന് വന്‍ കരിയര്‍ ബ്രേക്ക് ആണ് കൈതി നല്‍കിയത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച കാര്‍ത്തിക്കും ചിത്രം വലിയ നേട്ടമായി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ നരെയ്ന്‍, അര്‍ജുന്‍ ദാസ്, ജോര്‍ജ് മരിയന്‍, ഹരീഷ് ഉത്തമന്‍, ധീന, ബേബി മോണിക്ക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി. കൈതി 2 ഈ വര്‍ഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ALSO READ : മാത്യുവിനൊപ്പം ബേസില്‍; ബാഡ്‍മിന്‍റണ്‍ പശ്ചാത്തലമാക്കി 'കപ്പ്' വരുന്നു, ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം