ഫെബ്രുവരി 15 ലെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടിക

പ്രഖ്യാപന സമയം തന്നെ ഹൈപ്പ് ലഭിക്കുന്ന ചില സിനിമകളുണ്ട്. ചില സംവിധായക- താര കോമ്പിനേഷനുകള്‍ അതല്ലെങ്കില്‍ വന്‍ വിജയം നേടിയ ചില സിനിമകളുടെ സീക്വല്‍ ഇവയ്ക്കൊക്കെ പ്രീ റിലീസ് ഹൈപ്പ് ഉറപ്പാണ്. കാണികളില്‍ പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതാക്കുകയാവും അത്തരം സിനിമകളുടെ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധി. ചുവടെയുള്ളത് തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് ആണ്. അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലും ശ്രദ്ധേയ ചിത്രങ്ങളുടെ രണ്ടാം ഭാഗമാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റ് ആണിത്. വിജയ് നായകനാവുന്ന വെങ്കട് പ്രഭു ചിത്രം ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം), കമല്‍ ഹാസന്‍റെ ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 എന്നിവയൊക്കെ ഉള്‍പ്പെട്ട ലിസ്റ്റില്‍ പക്ഷേ ഒന്നാം സ്ഥാനത്ത് മറ്റൊരു ചിത്രമാണ്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2. ഇന്ത്യന്‍ 2 ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് വെട്രിമാരന്‍റെ വിടുതലൈ. നാലാം സ്ഥാനത്ത് വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. അഞ്ചാമത് മോഹന്‍ രാജ സംവിധാനം ചെയ്യുന്ന തനി ഒരുവന്‍ 2. 

ഈ വര്‍ഷം ഏപ്രിലിന് ശേഷം മാത്രം തിയറ്ററുകളിലത്താന്‍ സാധ്യതയുള്ളതും ഇതുവരെ ട്രെയ്‍ലര്‍ പുറത്തെത്താത്തതുമായ ചിത്രങ്ങള്‍ മാത്രം പരിഗണിച്ചുള്ളതാണ് പ്രസ്തുത ലിസ്റ്റ്. ഫെബ്രുവരി 15 ലെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണെന്നും ഓര്‍മാക്സ് അറിയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന് വലിയ കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ കൈതി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കാര്‍ത്തിയായിരുന്നു നായകന്‍. കേരളത്തിലും വലിയ വിജയമാണ് ഈ ചിത്രം നേടിയിരുന്നത്. 

ALSO READ : കേട്ടത് ശരി! 'ആടുജീവിതം' 13 ദിവസം മുന്‍പ് എത്തും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം