മഹാരാഷ്ട്രയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹായുതി സഖ്യം മികച്ച മുന്നേറ്റം നടത്തുന്നു. ബിജെപി, ശിവസേന ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ പക്ഷം എന്നിവർ ഭൂരിഭാഗം മുനിസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലും മുന്നിലാണ്.

മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മികച്ച മുന്നേറ്റവുമായി മഹായുതി സഖ്യം. 246 മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 86 എണ്ണത്തിൽ ബിജെപിയും 51 എണ്ണത്തിൽ ശിവസേന ഷിൻഡെ പക്ഷവും 32 എണ്ണത്തിൽ എൻസിപി അജിത് പവാർ പക്ഷവും മുന്നിലാണ്. നഗർ പഞ്ചായത്തുകളിൽ 26 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ശിവസേനയും മൂന്നിടത്ത് എൻസിപിയും മുന്നിലുണ്ട്. കോൺഗ്രസിന് മൂന്നിടത്താണ് മുന്നിലെത്താനായത്. മുനിസിപ്പൽ കൗൺസിലുകളിൽ 25 ഇടത്ത് കോൺഗ്രസാണ് മുന്നിൽ. 24 ഇടത്ത് സ്വതന്ത്രർ മുന്നിലുണ്ട്.

വിദർഭ, പശ്ചിമ മഹാരാഷ്ട്ര മേഖലകളിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. നാഗ്പൂർ മേഖലയിലെ ഭൂരിഭാഗം നഗർ പഞ്ചായത്തുകളിലും മഹായുതി സഖ്യം അധികാരമുറപ്പിച്ചു. മറാഠ്‌വാഡ മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ മഹാ വികാസ് അഘാഡിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കൊങ്കൺ മേഖലയിൽ ചിലയിടത്ത് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കരുത്ത് തെളിയിച്ചു. പുണെ തദ്ദേശ സ്ഥാപനങ്ങളിൽ അജിത് പവാർ വിഭാഗം നിർണ്ണായക സ്വാധീനം ചെലുത്തുന്നു. നാസിക്കിൽ ഷിൻഡെ വിഭാഗം ശിവസേനയ്ക്കും ബിജെപിക്കുമാണ് മേൽക്കൈ.

ഇന്നത്തെ ഫലം വരാനിരിക്കുന്ന ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തിയേക്കും. ഇന്നത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ മുംബൈയിലും മഹായുതി സഖ്യത്തിന് അനുകൂലമായ കാറ്റടിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.