ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി നായികമാര്‍. 

മലയാളത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള വനിതാ താരങ്ങളുടെ പട്ടികയും ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല എന്നത് ജനപ്രീതിയുടെ ഇടിവില്ലാത്ത സാക്ഷ്യപത്രമായിരിക്കുന്നു. അനശ്വര രാജൻ വൻ കുതിപ്പുമായി താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്.

മഞ്ജു വാര്യര്‍ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റര്‍ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകള്‍ക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാര്‍ട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തമിഴകത്ത് മഞ്‍ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. രജനികാന്താണ് വേട്ടൈയ്യനില്‍ നായകനാകുന്നത്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമായ ശോഭനയും പട്ടികയില്‍ മുൻനിരയില്‍ ഇടംനേടിയിരിക്കുന്നു. സിനിമയില്‍ നിലവില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന് ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതാകാനായി എന്നത് നിസാരമല്ല. യുവ നടി ഐശ്വര്യ ലക്ഷ്‍മി താരങ്ങളുടെ പട്ടികയില്‍ നാലാമതുണ്ട്. കമല്‍ഹാസൻ നായകനായ തഗ് ലൈഫ് സിനിമയില്‍ ഒരു നിര്‍ണായക വേഷത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയുമുണ്ട്.

അടുത്തകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമായ നടി അനശ്വര രാജൻ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ നേരിലും ജയറാം ചിത്രമായ ഓസ്‍ലറിലുമൊക്കെ നിര്‍ണായക വേഷത്തില്‍ എത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞതുമാണ് ഓര്‍മാക്സ് മീഡിയയുടെ ഫെബ്രുവരിയിലെ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്തിച്ചത്. ഫെബ്രുവരി മാസത്തില്‍ മലയാളി താരങ്ങളില്‍ അഞ്ചാമത് കല്യാണി പ്രിയദര്‍ശനാണ്. സമീപകാലത്ത് കല്യാണി പ്രിയദര്‍ശന് ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങളില്‍ നായികയാകാനായിരുന്നു.

Read More: ജയ് ഗണേഷുമായി ഉണ്ണിമുകുന്ദൻ, ചിത്രത്തിന്റെ പുതിയ പോസ്റ്റ‌ര്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക