ജനപ്രീതിയില്‍ മലയാളത്തിലെ മുൻനിര നായക താരങ്ങളുടെ സ്ഥാനങ്ങളില്‍ മാറ്റം.

മലയാളത്തില്‍ ജനപ്രീതിയുള്ള മുൻനിര നായക താരങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമൊക്കെയുണ്ട്. മലയാള നടൻമാരില്‍ ഒന്നാം സ്ഥാനത്ത് ആരാണ് എന്നതിന്റെ ഉത്തരം പുതിയ പട്ടികയില്‍ മമ്മൂട്ടിയെന്നാണ്. മോഹൻലാല്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട മലയാളി താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസും ഇടംനേടി എന്നതാണ് മറ്റൊരു പ്രത്യേകത.

ഫെബ്രുവരി മാസം മുന്നിലെത്തിയ മലയാളി താരങ്ങളുടെ പേരുകളാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്. ആടുജീവിതം എന്ന പുതിയ ചിത്രത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പൃഥ്വിരാജ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. റിലീസായില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്നതിനാല്‍ നടൻ പൃഥ്വിരാജിന് സ്ഥാനം മെച്ചപ്പെടുത്താൻ ആടുജീവിതം സഹായകരമായിരിക്കുന്നു. നാലാമതുണ്ടായിരുന്ന ടൊവിനോ തോമസിന് മലയാളി താരങ്ങളില്‍ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിച്ചത് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ മോശമല്ലാത്ത വിജയമാണ്.

രണ്ടാം തവണയും മമ്മൂട്ടി മലയാളി താരങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നു എന്നതാണ് ഫെബ്രുവരിയിലെ പട്ടികയിലെ പ്രധാന പ്രത്യേകത. 2023 നവംബറില്‍ മമ്മൂട്ടിക്ക് പട്ടികയില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിരുന്നു. ഭ്രമയുഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് താരത്തെ മുന്നേറാൻ സഹായിച്ചത്. ഭ്രമയുഗം ഉള്ളടക്കത്തിന്റെയും പ്രകടനത്തിന്റെയും കരുത്താല്‍ കളക്ഷനിലും മുന്നേറിയപ്പോള്‍ മമ്മൂട്ടി എന്ന മഹാ നടന്റെ പ്രതിഭ രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മലൈക്കോട്ടൈ വാലിബൻ എത്തിയിട്ട് നാളുകളായെങ്കിലും വാര്‍ത്തകളില്‍ നിറയുന്നു എന്നതാണ് മോഹൻലാലിനെ ഓര്‍മാക്സ് മീഡിയയില്‍ രണ്ടാം സ്ഥാനത്ത് എത്താൻ തുണച്ചത്. വമ്പൻ ഹൈപ്പിലെത്തിയിട്ട് പരാജയമെട്ടെങ്കിലും ജനപ്രീതിയില്‍ താരത്തിന് വലിയ ഒരു വീഴ്‍ച ഉണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. അഞ്ചാം സ്ഥാനത്ത് ഫഹദാണ്.

Read More: ജയ് ഗണേഷുമായി ഉണ്ണിമുകുന്ദൻ, ചിത്രത്തിന്റെ പുതിയ പോസ്റ്റ‌ര്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക