എല്ലാ ഭാഷാ സിനിമകളും പരിഗണിക്കുമ്പോള്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നായകന്‍ ആര്?
സിനിമയിലെ പ്രധാന അഭിനേതാക്കളുടെ താരപരിവേഷം ഒന്നുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കുന്ന കാലമല്ല ഇത്. അഭിനയിക്കുന്നവരുടെ താരമൂല്യത്തേക്കാള്‍ ഉള്ളടക്കത്തിന് പ്രാധാന്യം വന്നിരിക്കുന്നു. അതേസമയം മികച്ച സിനിമയാണെങ്കില്‍ ബോക്സ് ഓഫീസ് കളക്ഷനെ സംബന്ധിച്ച് താരമൂല്യം ഉള്ളവരും അത്രത്തോളം ഇല്ലാത്തവരും തമ്മില്‍ വ്യത്യാസമുണ്ട്. മലയാളത്തില്‍ സമീപകാലത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ ഉദാഹരണമായി എടുക്കാം. അദ്ദേഹത്തിന്‍റെ റീ റിലീസുകള്‍ പോലും സമീപകാലത്ത് വലിയ തോതില്‍ പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. അതേസമയം വലിയ താരമൂല്യം ഇല്ലാതെ എത്തിയ ലോക മലയാള സിനിമയിലെ ഓള്‍ ടൈം ഹിറ്റ് ആയത് ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന പുതിയകാല പ്രേക്ഷകരുടെ കാഴ്ചാ തെരഞ്ഞെടുപ്പായി കാണാം. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.
ഇവര്‍ എല്ലാ മാസവും പുറത്തുവിടാറുള്ള പട്ടികയില്‍ കഴിഞ്ഞ മാസത്തേതില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് പുതിയ ലിസ്റ്റ് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ പുതിയ ലിസ്റ്റില്‍ ഇല്ല. രജനവികാന്തും അക്ഷയ് കുമാറുമാണ് അത്. പകരം പവന്‍ കല്യാണും രാം ചരണുമാണ് പുതിയ എന്‍ട്രി. ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ മാസത്തേതില്‍ നിന്ന് വ്യത്യാസമില്ല. ഒന്നാമത് പ്രഭാസും രണ്ടാമത് വിജയ്‍യും. പോയ മാസം അജിത്ത് കുമാര്‍ ആയിരുന്നു മൂന്നാമതെങ്കില്‍ ഇക്കുറി ആ സ്ഥാനം അല്ലു അര്‍ജുന് ആണ്. അജിത്ത് കുമാര്‍ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
നാലാം സ്ഥാനം ഓഗസ്റ്റിലും സെപ്റ്റംബറിലും ഷാരൂഖ് ഖാന് തന്നെയാണ്. ഓഗസ്റ്റ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന മഹേഷ് ബാബു പുതിയ ലിസ്റ്റില്‍ ആറാമത് ആയി. കഴിഞ്ഞ ലിസ്റ്റില്‍ അഞ്ചാമതുണ്ടായിരുന്ന ജൂനിയര്‍ എന്‍ടിആര്‍ ഇക്കുറി ഏഴാമത് ആയി. കഴിഞ്ഞ ലിസ്റ്റില്‍ ഇല്ലാതിരുന്ന രാം ചരണ്‍ ആണ് ഇത്തവണ എട്ടാം സ്ഥാനത്ത്. കഴിഞ്ഞ ലിസ്റ്റില്‍ ഇല്ലാതിരുന്ന മറ്റൊരാളാണ് ഇക്കുറി ഒന്‍പതാമത്. പവന്‍ കല്യാണ്‍ ആണ് അത്. കഴിഞ്ഞ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത് ഉണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ഇത്തവണ പത്താം സ്ഥാനത്തേക്കും എത്തിയിരിക്കുന്നു.



