നടി ശ്രീവിദ്യയുടെ പത്തൊൻപതാം ചരമ വാർഷികം. 1969 ൽ പുറത്തറിങ്ങിയ ചട്ടമ്പികവല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. 

ശ്രീവിദ്യ, പേരുപോലെ തന്നെ മലയാളത്തിന്റെ ശ്രീയായി നിറഞ്ഞ പതിറ്റാണ്ടുകൾ. ജൻമം കൊണ്ട് മാതൃഭാഷ തമിഴാണെങ്കിലും മലയാളിയെക്കാൾ നന്നായി മലയാളത്തെ സ്നേഹിച്ച ജീവിതം. നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുകളും മാത്രമായിരുന്നു ആ ജീവിതത്തിൽ ഉടനീളം അവരെ പിന്തുടർന്നത്. പക്ഷേ അവിടെയൊന്നും തളരാതെ മുന്നേറിയ കലാകാരി. ശിവാജി ഗണേശനൊപ്പം തിരുവരുള്‍ ശെല്‍വനിലൂടെ അരങ്ങേറ്റം. കുമാരസംഭവത്തിൽ ഒരു നൃത്തരംഗത്തിലൂടെ മലയാളത്തിലേക്ക്. ചട്ടന്പിക്കവലയിലൂടെ നായികയായി. പിന്നീട് പലഭാഷകളിലായി 800ലേറെ ചിത്രങ്ങൾ. ഗായികയായും നർത്തകിയായും സകല ഐശ്വര്യങ്ങളും നിറഞ്ഞൊരു കലാകാരിയായി ശ്രീവിദ്യ വെള്ളിത്തിരയിൽ ജീവിച്ചു. സിനിമ അവർക്ക് ഒരു മരുന്നായിരുന്നു. മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം മൂന്ന് തവണ. മികച്ച സഹനടിക്കുളള പുരസ്‌കാരം രണ്ട് തവണ.

ആഗ്രഹിച്ചതൊന്നും ആകാതെപോയ ജീവിതം

ശ്രീവിദ്യയുടെ സൗന്ദര്യത്തിന് പിന്നാലെ പ്രണയവുമായി നടന്നവരേറെ. പക്ഷേ വിദ്യ ജീവിതത്തിൽ മറ്റെന്തിനെക്കാളും സ്നേഹിച്ചത് കമൽഹാസനെ. പക്ഷേ ആ പ്രണയവും വിദ്യയ്ക്ക് ശ്രീയായില്ല. ഒരുമിച്ചൊരു ജീവിതം കൊതിച്ച മനുഷ്യനൊപ്പം മരണക്കിടക്കിയിൽ അൽപം നേരം ചേർന്നിരിക്കാനായിരുന്നു വിധി.സ്നേഹിച്ചവരെല്ലാം നിരാശ സമ്മാനിച്ചപ്പോഴും വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോഴും സ്വത്ത് മാത്രം ലക്ഷ്യമിട്ട് വന്നവരെയും തിരിച്ചറിയാൻ അവർക്ക് കഴിയാതെ പോയി. അങ്ങനെയുള്ളവരോടെന്ന പോലെ ഒരു പാട്ടും അവർ മലയാളത്തിൽ പാടിയിട്ടുണ്ട്.

ഒരു കുഞ്ഞ് വേണമെന്നായിരുന്നു മോഹം. അത് നടക്കാതെ വന്നപ്പോൾ സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി തന്റെ സമ്പാദ്യം ട്രസ്റ്റിനായി നീക്കി വച്ച മനസ്. എല്ലാ നഷ്ടങ്ങളിലും ആശ്രയമായിരുന്ന അമ്മയെ കവർന്ന കാൻസർ ഒടുവിൽ ശ്രീവിദ്യയെയും തേടിയെത്തി. മാരകവേദനയ്ക്ക് ഒരാശ്വാസമാകുന്ന മരുന്നിനുള്ള പണത്തിനായി പോലും ആ ട്രസ്റ്റ് കനിഞ്ഞില്ല എന്നതിനും കാലം സാക്ഷി.

ആഗ്രഹിച്ചതൊന്നും ആകാതെ ആഗ്രഹിക്കാത്തതെല്ലാം ആയിപ്പോയ ഒരു ജീവിതം. വേദന മാത്രം തന്ന ജീവിതത്തോട് വിട പറഞ്ഞിട്ട് രണ്ടുപതിറ്റാണ്ടിനോട് അടുക്കുന്പോഴും ആ നോവുകൾക്കിടയിലും അനശ്വരമാക്കിയ വേഷങ്ങളിലൂടെ ശ്രീവിദ്യാമ്മ ഇന്നും ജീവിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News