Asianet News MalayalamAsianet News Malayalam

ഒന്നാമത് 'ജയ് ഭീം'; 2021ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട സിനിമകളില്‍ ഒരു മലയാള ചിത്രവും!

ബോളിവുഡില്‍ നിന്ന് അഞ്ച് സിനിമകള്‍

most searched indian movies of 2021 in google jai bhim drishyam 2
Author
Thiruvananthapuram, First Published Dec 8, 2021, 5:53 PM IST

ഗൂഗിളില്‍ (Google) ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്ത്. പതിവുപോലെ ബോളിവുഡ് ചിത്രങ്ങളാണ് ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതലെങ്കിലും തെന്നിന്ത്യന്‍ സിനിമകളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ഒരു തമിഴ് ചിത്രമാണ്. സൂര്യയെ നായകനാക്കി ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത് ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' (Jai Bhim) ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'മാസ്റ്ററും' ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ആറാമതാണ് മാസ്റ്റര്‍.

ലിസ്റ്റില്‍ അഞ്ച് സ്ഥാനങ്ങളുമായി ബോളിവുഡിനു തന്നെയാണ് അധീശത്വം. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്‍റെ രാധെ, അക്ഷയ് കുമാറിന്‍റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്‍ഗണിന്‍റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. താരങ്ങളില്‍ രണ്ട് ചിത്രങ്ങളുമായി അക്ഷയ് കുമാര്‍ തന്നെ മുന്നില്‍. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്ന് ആദ്യമെത്തിയ സൂപ്പര്‍താര റിലീസ് ആയിരുന്നു ബെല്‍ബോട്ടം. എന്നാല്‍ മികച്ച അഭിപ്രായം നേടിയിട്ടും ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ അക്ഷയ് കുമാറിന്‍റെ തന്നെ സൂര്യവന്‍ശി വിജയം നേടുകയും ചെയ്‍തു.

രണ്ട് ഹോളിവുഡ് ചിത്രങ്ങളോടും ഇന്ത്യന്‍ പ്രേക്ഷകര്‍ ഈ വര്‍ഷം വലിയ താല്‍പര്യം കാട്ടിയിട്ടുണ്ട്. എറ്റേണല്‍സ്, ഗോഡ്‍സില്ല vs കോംഗ് എന്നിവയാണ് അവ. ലിസ്റ്റിലെ ഒരേയൊരു മലയാളം എന്‍ട്രി എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ മോഹന്‍ലാലിന്‍റെ ദൃശ്യം 2 (Drishyam 2) ആണ്. ഈ വര്‍ഷം ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമാണ് ദൃശ്യം 2. ആദ്യ ഭാഗം പല ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വല്‍ ആയിരുന്നു ദൃശ്യം 2. ആമസോണ്‍ പ്രൈമിലൂടെ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം കൂടി ലഭിച്ചതോടെ റിലീസിനു പിന്നാലെയുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഈ സിനിമയെ ചുറ്റിപ്പറ്റിത്തന്നെ ആയിരുന്നു.

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തവണ തിരയപ്പെട്ട ഇന്ത്യന്‍ സിനിമകള്‍

1. ജയ് ഭീം

2. ഷേര്‍ഷാ

3. രാധെ

4. ബെല്‍ബോട്ടം

5. എറ്റേണല്‍സ്

6. മാസ്റ്റര്‍

7. സൂര്യവന്‍ശി

8. ഗോഡ്‍സില്ല vs കോംഗ്

9. ദൃശ്യം 2

10. ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ

Follow Us:
Download App:
  • android
  • ios