Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിനിടെ അമേരിക്കയില്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടിയത് ഒരു ഇന്ത്യന്‍ സിനിമ!

നെറ്റ്ഫ്ളിക്സും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറുമടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ പുതിയ സബ്സ്ക്രൈബേഴ്‍സിന്‍റെയും വരുമാനത്തിന്‍റെയും കാര്യത്തില്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. 

most watched film in us while lockdown is indian
Author
Thiruvananthapuram, First Published May 3, 2020, 1:12 PM IST

കൊറോണവൈറസ് ലോക്ക് ഡൗണ്‍ മൂലം ലോകത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായ ഒരു മേഖല വിനോദ വ്യവസായമാണ്, പ്രത്യേകിച്ചും സിനിമാ മേഖല. ലോകമെമ്പാടും തീയേറ്ററുകള്‍‌ അടഞ്ഞുകിടക്കുന്നതിനാല്‍ അനേകം ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ ഹോളിവുഡിലും ബോളിവുഡിലുമൊക്കെ റിലീസുകള്‍ മുടങ്ങിക്കിടക്കുകയാണ്. അതേസമയം ഒടിടി പ്ലാറ്റ്ഫോമുകള്‍ ഈ കാലയളവില്‍ വലിയ മെച്ചമുണ്ടാക്കുന്നുമുണ്ട്. നെറ്റ്ഫ്ളിക്സും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറുമടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ പുതിയ സബ്സ്ക്രൈബേഴ്‍സിന്‍റെയും വരുമാനത്തിന്‍റെയും കാര്യത്തില്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്തെ അമേരിക്കന്‍ സിനിമാ കാഴ്ചയെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരവും പുറത്തുവരുന്നു. ഈ കാലയളവില്‍ അമേരിക്കയില്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടിയത് ഒരു ഇന്ത്യന്‍ സിനിമയാണ് എന്നതാണ് വാര്‍ത്ത.

രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ കോമഡി ഡ്രാമ ചിത്രം 3 ഇഡിയറ്റ്സ് ആണ് അമേരിക്കയില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ഏറ്റവുമധികം കാണികളെ നേടിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഏതൊക്കെ പ്ലാറ്റ്ഫോമുകളിലാണെന്ന് വാര്‍ത്തകളില്‍ പറയുന്നില്ല. ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന ഇതേക്കുറിച്ചുള്ള വാര്‍ത്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാധവന്‍ ട്വീറ്റ് ചെയ്‍തിട്ടുമുണ്ട്. 

10 വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തിയ സമയത്ത് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയെടുത്ത ചിത്രമാണ് 3 ഇഡിയറ്റ്സ്. നിലവിലുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ചിത്രം അന്ന് തകര്‍ത്തിരുന്നു. ചൈന, ജപ്പാന്‍ റിലീസുകളിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു. ചേതന്‍ ഭഗത്തിന്‍റെ ജനപ്രിയ നോവല്‍ ഫൈവ് പോയിന്‍റ് സംവണിന്‍റെ പശ്ചാത്തലത്തിലാണ് രാജ്‍കുമാര്‍ ഹിറാനി ചിത്രമൊരുക്കിയത്. 

Follow Us:
Download App:
  • android
  • ios