'സൂപ്പര്‍ഹിറ്റ് ലോഡിംഗ്'; 'കണ്ണൂര്‍ സ്ക്വാഡി'നും മമ്മൂട്ടിക്കും പ്രശംസകളുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രം

ഇന്ന് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിന് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമാപ്രേമികള്‍ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും മമ്മൂട്ടിക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. നടി മാല പാര്‍വതി, സംവിധായകന്‍ ബിലഹരി, തിരക്കഥാകൃത്ത് മനോജ് രാംസിംഗ് തുടങ്ങി നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
"അടുത്ത സൂപ്പര്‍ഹിറ്റ്.. കണ്ണൂര്‍ സ്ക്വാഡ്", എന്നാണ് മാല പാര്‍വതിയുടെ പോസ്റ്റ്. "കണ്ണൂര്‍ സ്ക്വാഡ്. സൂപ്പര്‍ഹിറ്റ് ലോഡിംഗ്. തിയറ്ററില്‍ കൈയടിക്കാന്‍ അവസരങ്ങള്‍ ഒരുപാട്", എന്നാണ് സംവിധായകന്‍ ബിലഹരിയുടെ പോസ്റ്റ്. തിരക്കഥാകൃത്ത് മനോജ് രാംസിംഗ് വിശദമായ കുറിപ്പാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.
മനോജ് രാംസിംഗിന്‍റെ കുറിപ്പ്
ഒരു മികച്ച സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. റോബി രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് ഒരു കിടിലൻ റിയലിസ്റ്റിക് ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ്. നല്ല രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം. സിനിമ കണ്ടിറങ്ങിയ ശേഷം സുഹൃത്ത് ഷാജി നടേശനോട് അര മണിക്കൂർ സംസാരിച്ചത് ഈ നവാഗത സംവിധായകന്‍റെ മികവിനെക്കുറിച്ചും മമ്മൂക്കയുടെ അത്യന്തം അഭിനന്ദിക്കേണ്ട സൂഷ്മാഭിനയത്തെക്കുറിച്ചും ആയിരുന്നു. മമ്മൂക്കയൊക്കെ എന്നും രാവിലെ എണീറ്റിരുന്ന് പുതിയ അഭിനയ രീതികൾ റിസർച്ച് ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൊ, നമ്മൾ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ഫാൻ ആയിപ്പോകും. അദ്ദേഹം ദുബൈയിൽ ആയിപ്പോയി. ഇല്ലേൽ ഞാനിപ്പോ പോയി കെട്ടിപ്പിടിച്ചേനെ. മമ്മൂക്കയുടെ അഭിനയ മികവിനെപ്പറ്റി എന്നെപ്പോലൊരാൾ പറയുന്നത് തന്നെ അഹങ്കാരമാണ്. അതൊക്കെ മുതിർന്ന സംവിധായകർ പറയട്ടെ. മറ്റുള്ളവർ, അസീസ് നെടുമങ്ങാടും റോണി രാജും ശബരീഷും ഒക്കെ ശരിക്കും കിടുക്കി പെർഫോമൻസ് കൊണ്ട്. എസ്‍പി ആയും നോർത്ത് ഇന്ത്യൻ കോൺസ്റ്റബിൾ ആയും വന്ന ആർട്ടിസ്റ്റുകൾ ഒക്കെ അപ്രതീക്ഷിത പ്രകടനങ്ങളാണ് നടത്തിയത്. സുശീലിന്റെ പശ്ചാത്തലസംഗീതവും സിനിമട്ടോഗ്രാഫിയും മികച്ചതായിയിരുന്നു. രണ്ടാം പകുതിയിലെ ചില ഡയലോഗുകൾക്ക് ഒക്കെ പിവിആറിലെ ഫാമിലി ഓഡിയന്‍സ് നിർത്താത്ത കയ്യടികളാണ് നൽകിയത്. തിയറ്ററുകൾക്ക് ഇനിയുള്ള ആഴ്ചകൾ ഉത്സവകാലം. അടുത്താഴ്ച ചാവേർ കൂടി വരുമ്പോൾ പിന്നെ പറയണ്ട. ഇത്തരത്തില്‍ ഗംഭീരമായൊരു ചിത്രം തന്നതിന് ടീം കണ്ണൂര്‍ സ്ക്വാഡിന് നന്ദി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക