ജവാന്‍റെ 1000 കോടി വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിര്‍മ്മാതാക്കള്‍

എത്ര പരാജയങ്ങള്‍ കരിയറില്‍ തുടര്‍ച്ചയായി സംഭവിച്ചാലും താരമൂല്യം ഇടിയാത്ത ചിലരുണ്ട്. പതിറ്റാണ്ടുകള്‍കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ നേടിയിട്ടുള്ള സ്നേഹാദരവുകളാണ് അതിന് കാരണം. നിരനിരയായി ചിത്രങ്ങള്‍ പരാജയപ്പെട്ടാലും അവര്‍ക്ക് കണക്റ്റ് ചെയ്യാവുന്ന ഒരു പടം വന്നാല്‍ കാണികള്‍ അത് സൂപ്പര്‍ഹിറ്റ് ആക്കിക്കൊടുക്കും. താരമൂല്യത്തിന്‍റെ ഈ പരീക്ഷയില്‍ നൂറില്‍ നൂറ് നേടി ഏറ്റവുമൊടുവില്‍ വിജയിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ്. 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങളാണ് ഒറ്റ വര്‍ഷം ഷാരൂഖ് ഖാന് ലഭിച്ചത്. ഈ വര്‍ഷം ജനുവരിയിലെത്തിയ പഠാനും ഈ മാസം റിലീസ് ചെയ്യപ്പെട്ട ജവാനും. ജവാന്‍റെ 1000 കോടി വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

അതിന്‍റെ ഭാ​ഗമായി ഈ വാരാന്ത്യത്തില്‍ ജവാന്‍റെ ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. വ്യാഴം, വെള്ളി, ശനി ഞായര്‍ ദിവസങ്ങള്‍ മാത്രമാണ് ആനുകൂല്യം ലഭ്യമാവുക.

Scroll to load tweet…

തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ നിര്‍ബന്ധപൂര്‍വ്വം എടുത്ത ഇടവേളയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തിനിപ്പുറം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു പഠാന്‍. ഒരേപോലെ പോസിറ്റീവ് അഭിപ്രായവും 1000 കോടി കളക്ഷനും നേടിയ പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ജവാന്‍റെ യുഎസ്‍പി. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നിട്ടും ചിത്രം വമ്പന്‍ വിജയം നേടിയത് ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ സ്വാധീനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട്. രാജ്‍കുമാര്‍ ഹിറാനിയുടെ ഡങ്കിയാണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : 'ജയിലറി'നേക്കാള്‍ മിന്നിക്കുമോ അനിരുദ്ധ്? 'ലിയോ'യിലെ രണ്ടാം ​ഗാനം ഇങ്ങനെ, ഫസ്റ്റ് ​ഗ്ലിംപ്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക