ദീപാവലി റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂരി

ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍. ഒറിജിനല്‍ ലാംഗ്വേജ് തെലുങ്ക് ആണെങ്കിലും ബഹുഭാഷകളില്‍ മൊഴി മാറ്റി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തിയത്. മലയാളം, തമിഴ് അടക്കമുള്ള ഭാഷാ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ ഒരു വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മികച്ച അഭിപ്രായവും ബുക്കിംഗും ലഭിച്ചിട്ടും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടും ഷോ കൗണ്ടും കുറവാണ് എന്നതായിരുന്നു അത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ വിതരണക്കാര്‍.

റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് തമിഴ്നാട്ടില്‍ ചിത്രം വിതരണം ചെയ്യുന്നത്. വന്‍ അഭിപ്രായവും ബുക്കിംഗും നേടുമ്പോഴും ആവശ്യത്തിന് തിയറ്ററില്ല എല്ല വിമര്‍ശനത്തോട് വിതരണക്കാരുടെ പ്രതികരണം ഇങ്ങനെ- പ്രിയ ദുല്‍ഖര്‍ ആരാധകരോട്, തമിഴ്നാട്ടില്‍ ഉടനീളം ഗംഭീര ബുക്കിംഗും അതേപോലെയുള്ള അഭിപ്രായങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടിലെ ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി തിയറ്റര്‍, മള്‍ട്ടിപ്ലെക്സ് ഉടമകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. അത് ഉടന്‍ തന്നെ നടപ്പിലാവും. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി, റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എക്സില്‍ കുറിച്ചു.

Scroll to load tweet…

ചെന്നൈയിലെ കാര്യമെടുത്താല്‍ ലക്കി ഭാസ്കറിന്‍റെ മലയാളം പതിപ്പിന് ഇന്ന് ഇനി പ്രദര്‍ശനമില്ല. തമിഴ് പതിപ്പിന് 50 ഷോകളാണ് ഇന്ന് ഉള്ളത്. തെലുങ്ക് പതിപ്പിന് 17 ഷോകളും. ഇവയില്‍ ഭൂരിഭാഗം ഷോകളും ഇതിനകം ഹൗസ്‍ഫുള്‍ ആണ്. അതേസമയം നിലവില്‍ അലോട്ട് ചെയ്തിരിക്കുന്ന ഷോകളില്‍ പലതും തിയറ്റര്‍ കോംപ്ലക്സുകളിലെ താരതമ്യേന ചെറിയ സ്ക്രീനുകള്‍ ആണെന്നതും ന്യൂനതയാണ്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യം നാളെ അവസാനിക്കാനിരിക്കെ എത്രയും വേഗം വേണ്ടത് ചെയ്യൂ എന്നാണ് ആരാധകര്‍ വിതരണക്കാരോട് പറയുന്നത്. 

ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം