ഈ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ റീവാച്ച് ചെയ്യാന്‍ പറ്റുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കുന്ന 3 സിനിമകള്‍
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ചലച്ചിത്ര മാധ്യമത്തിൻറെ ഇഷ്ട വിഷയങ്ങളിൽ ഒന്നാണ്. അത് സ്വാതന്ത്ര്യകാംക്ഷയിൽ വ്യത്യസ്ത ജനപദങ്ങൾ നടത്തിയ പോരാട്ടങ്ങൾ ആണെങ്കിൽ പ്രത്യേകിച്ചും. സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമൊക്കെ അത്തരം വിഷയങ്ങൾ പ്രചോദിപ്പിക്കാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം അവ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട കാര്യങ്ങളാണ് എന്നതാണ്. കാണികൾക്കും അത് അറിയാവുന്നതുകൊണ്ട് നന്നായി ചെയ്താൽ മിനിമം സ്വീകാര്യത ഉറപ്പാണ്. നാടകീയമായ മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും എല്ലാത്തിലുമുപരി വൈകാരികതയ്ക്കുമൊക്കെയുള്ള സ്കോപ്പ് ആണ് ഇത്തരം വിഷയങ്ങള്‍ സിനിമയാക്കാന്‍ സംവിധായകരെ പ്രചോദിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍.
എന്നാല്‍ ഈ പശ്ചാത്തലമുള്ള സിനിമകള്‍ ചെയ്യാന്‍ വെല്ലുവിളികളും ഒരുപാടുണ്ട്. ചരിത്രമായതിനാല്‍ നടത്തേണ്ടിവരുന്ന വലിയ റിസര്‍ച്ച് ആണ് അതില്‍ പ്രധാനം. പറയുന്ന പോയ കാലം പശ്ചാത്തലമാക്കുമ്പോള്‍ അക്കാലത്തെ ജീവിതരീതിയും സംസ്കാരത്തിലെ സൂക്ഷ്മാംശങ്ങളുമൊക്കെ മനസിലാക്കേണ്ടിവരും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കിയും നിരവധി ശ്രദ്ധേയ സിനിമകള്‍ പല കാലങ്ങളിലായി എത്തിയിട്ടുണ്ട്. തീര്‍ച്ചയായും ബോളിവുഡില്‍ നിന്നാണ് അത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ എത്തിയിട്ടുള്ളത്. ഈ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ റീവാച്ച് ചെയ്യാന്‍ പറ്റുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കുന്ന 3 സിനിമകള്‍ നോക്കാം.
ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി 23-ാം വയസില്‍ രക്തസാക്ഷിത്വം വഹിച്ച ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ ജീവിതം പറഞ്ഞ ചിത്രം. രാജ്‍കുമാര്‍ സന്തോഷിയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഭഗത് സിംഗ് ആയി എത്തിയത് അജയ് ദേവ്ഗണ് ആയിരുന്നു. കെ വി ആനന്ദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം പകര്‍ന്നത് എ ആര്‍ റഹ്‍മാന്‍ ആയിരുന്നു. ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും അജയ് ദേവ്ഗണിന് മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു ചിത്രം. ആ വര്‍ഷത്തെ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിനായിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 18 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് 10 കോടിയേ ഇന്ത്യയില്‍ നിന്ന് നേടാനായുള്ളൂ. ഭഗത് സിംഗിന്റെ തന്നെ ജീവിതം പറഞ്ഞ 23 മാര്‍ച്ച് 1931 ഷഹീദ് എന്ന ചിത്രവും ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗും ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. രണ്ട് ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് പരാജയത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത് ഈ ക്ലാഷ് റിലീസ് ആണ്.
മംഗൾ പാണ്ഡേ: ദി റൈസിംഗ്

കേതന്‍ മെഹ്തയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായി 2005 ല്‍ പുറത്തെത്തിയ ബയോ- ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ ചിത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാള്‍ നേറ്റീവ് ഇന്‍ഫാന്‍ഡ്രിയിലെ ശിപായ് ആയിരുന്ന മംഗള്‍ പാണ്ഡേയുടെ ജീവിതം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇത്. ഒന്നാം സ്വാതന്ത്ര്യ സമരം എന്നും അറിയപ്പെടുന്ന 1857 ലെ ശിപായി ലഹളയ്ക്ക് വഴിമരുന്നിട്ട മംഗള്‍ പാണ്ഡേയുടെ പോരാട്ട കഥയാണ് കേതന്‍ മെഹ്തയുടെ ചിത്രം പറയുന്നത്. 34 കോടി ബജറ്റിലും വലിയ കാന്‍വാസിലും എത്തിയ ചിത്രത്തില്‍ നിരവധി വിദേശ താരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ നിന്ന് 51.35 കോടി നേടാനേ സാധിച്ചുള്ളൂ ഈ ചിത്രത്തിന്.
ഗാന്ധി

മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി ബ്രിട്ടീഷ് സംവിധായകനായ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത വിഖ്യാതചിത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കുന്ന മറ്റൊരു ചിത്രം കണ്ടില്ലെങ്കിലും ഈ ചിത്രം നിങ്ങള്‍ കണ്ടിരിക്കണം. മഹാത്മാ ഗാന്ധിയായി ലോകപ്രശസ്ത ബ്രിട്ടീഷ് നടന്‍ ബെന്‍ കിംഗ്സ്ലി അഭിനയിച്ച ചിത്രം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരവും നേടിക്കൊടുത്തു. മികച്ച നടനുള്ളത് മാത്രമല്ല, മികച്ച സംവിധായകന്‍, മികച്ച സിനിമ, മികച്ച തിരക്കഥ, കലാസംവിധാനം, ഛായാഗ്രഹണം തുടങ്ങി 11 പുരസ്കാരങ്ങളോടെ ആ വര്‍ഷത്തെ ഓസ്കര്‍ തൂത്തുവാരിയതും ഗാന്ധി ആയിരുന്നു. ഒപ്പം അമേരിക്കന്‍ സിനിമാ എഡിറ്റേഴ്സ് അവാര്ഡ്, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ്, ഗോള്‍ഡന് ഗ്ലോബ് തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങള്‍ വേറെയും. ഏറ്റവും പ്രചോദിപ്പിക്കുന്ന സിനിമകളുടെ പട്ടികയില്‍ 29-ാം സ്ഥാനമാണ് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ബോക്സ് ഓഫീസിലും വന്‍ വിജയം നേടിയ സിനിമയാണ് ഇത്. ഒരു ചലച്ചിത്ര പ്രേമിയോ ചരിത്ര വിദ്യാര്‍ഥിയോ ഒരിക്കലും മിസ് ആക്കരുതാത്ത ചിത്രം.

