സമീപകാലത്ത് സോഷ്യല്‍ മീഡിയയിലെ വലിയ പ്രചരണം
തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ആദ്യ പ്രതികരണവുമായി നടി മൃണാള്‍ ഥാക്കൂര്‍. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ ഥാക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്ഗണ് ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു.
ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു. അതേസമയം ഈ വിഷയത്തില്‍ ധനുഷോ മൃണാള്‍ ഥാക്കൂറോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
രജനികാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തുമായുള്ള 18 വര്‍ഷം നീണ്ട വിവാഹബന്ധം ധനുഷ് വേര്‍പെടുത്തിയത് 2022 ല്‍ ആയിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്ക്.
ഇഡ്ലി കടൈ, തേരേ ഇഷ്ഖ് മേം എന്നീ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തുവരാനുള്ളത്. കരിയറിലെ 54-ാം ചിത്രവും അടുത്ത വര്‍ഷത്തെ റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം തെലുങ്കിലും ഹിന്ദിയിലുമായി ശ്രദ്ധേയ ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട് മൃണാളിന്‍റെ അപ്കമിംഗ് ലൈനപ്പില്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം, തെലുങ്കിലും ഹിന്ദിയിലുമായി എത്തുന്ന ഡെകോയിറ്റ്: എ ലവ് സ്റ്റോറി, ഹിന്ദി ചിത്രങ്ങളായ ഹേ ജവാനി തോ ഇഷ്ഖ് ഹോനാ ഹെ, തും ഹോ തോ, പൂജ മേരി ജാന്‍ എന്നിവയാണ് മൃണാളിന്‍റെ അപ്കമിംഗ് ചിത്രങ്ങള്‍.

