എംടിയുടെ രചനയില്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'രണ്ടാമൂഴം' സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ച നിയമത്തര്‍ക്കം കഴിഞ്ഞ മാസമാണ് ഒത്തുതീര്‍പ്പായത്. രണ്ടാമൂഴം തിരക്കഥ തിരികെ ലഭിക്കുമ്പോള്‍ അഡ്വാന്‍സ് തുകയായ 1.25 കോടി എംടി മടക്കിനല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം തിരക്കഥ എംടിയെ താന്‍ തിരിച്ചേല്‍പ്പിച്ചെന്ന് ശ്രീകുമാര്‍ പിന്നാലെ അറിയിച്ചിരുന്നു. നിലവില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന 'രണ്ടാമൂഴം' തിരക്കഥയില്‍ താന്‍ നടത്തിയ പാത്രസൃഷ്ടികളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് എം ടി വാസുദേവന്‍ നായര്‍. നോവലില്‍ നിന്നും തിരക്കഥാരൂപത്തിലേക്ക് പരിവര്‍ത്തിപ്പിച്ചപ്പോള്‍ നാല് കഥാപാത്രങ്ങളെ വികസിപ്പിച്ചുവെന്ന് പറയുന്നു എംടി. മലയാള മനോരമയ്ക്കുവേണ്ടി മകള്‍ അശ്വതി ശ്രീകാന്ത് നടത്തിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറയുന്നത്.

ALSO READ: 'എംടി സാര്‍ മുന്നില്‍ നിന്നപ്പോള്‍ അര്‍ജ്ജുനനെപ്പോലെ തളര്‍ന്നു'; രണ്ടാമൂഴം തിരിച്ചേല്‍പ്പിച്ചെന്ന് വി എ ശ്രീകുമാര്‍

ഘടോല്‍ക്കചന്‍, കീചകന്‍, ബലന്ധര, കുന്തി എന്നീ കഥാപാത്രങ്ങളെയാണ് തിരക്കഥയില്‍ വികസിപ്പിച്ചതെന്ന് എംടി പറയുന്നു. "ഘടോല്‍ക്കചന്‍ അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അത് കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകന്‍. നമ്മള്‍ ശ്രദ്ധയാകര്‍ഷിക്കാതെപോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്‍റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാന്‍ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസന്‍ ഋഷിതുല്യനായ ആളാണ്. പക്ഷേ ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകര്‍ഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വര്‍ക്ക് തയ്യാറാക്കി എന്നുള്ളതാണ്. ഞാന്‍ കുറേ വായിച്ച് നോട്ട് എടുത്തതാണ്. അപ്പോള്‍ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി", എംടി പറയുന്നു.

എന്നാല്‍ തിരക്കഥയെഴുതുമ്പോള്‍ മഹാഭാരതത്തില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടിവന്നിട്ടില്ലെന്നും നോവലിന്‍റെ രചനാസമയത്ത് നടത്തിയ തയ്യാറെടുപ്പുകളേ ആവശ്യമായി വന്നുള്ളുവെന്നും എംടി പറയുന്നു. നോവലില്‍ വിശദമായി ഇല്ലാത്ത യുദ്ധമുറകളും മറ്റും തിരക്കഥയില്‍ ഉണ്ടെന്നും ഗദായുദ്ധവും മറ്റും വിശദാംശങ്ങളോടെ തിരക്കഥയില്‍ ഉണ്ടെന്നും എംടി.