എംടിയുടെ പത്ത് കഥകളാണ് സിനിമാരൂപത്തിലേക്ക് എത്തുന്നത്

എംടി (MT Vasudevan Nair) കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ (Netflix Anthology) ഫഹദിനെ (Fahadh Faasil) നായകനാക്കി മഹേഷ് നാരായണന്‍ (Mahesh Narayanan) സംവിധാനം ചെയ്യുക 'ഷെര്‍ലക്ക്' (Shrlock) എന്ന ചെറുകഥ. അമേരിക്കയിലുള്ള ജ്യേഷ്‍ഠത്തിയുടെ അടുക്കലെത്തി അന്നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കുന്ന 'ബാലു' എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വീട്ടിലെ വളര്‍ത്തുപൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചേച്ചിയായി എത്തുന്നത് നദിയ മൊയ്‍തുവാണ്. 

കഥയുടെ പശ്ചാത്തലം യുഎസിലെ ഫിലാഡെല്‍ഫിയ ആയിരുന്നെങ്കില്‍ സിനിമയുടെ ചിത്രീകരണം കാനഡയില്‍ വച്ചായിരിക്കുമെന്ന് അറിയുന്നു. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എം ടി വാസുദേവന്‍ നായരുടെ പത്ത് കഥകളെ ആസ്‍പദമാക്കിയാണ് നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി വരുന്നത്. മഹേഷ് നാരായണനെക്കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ്. 

കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ് ലിജോ സിനിമയാക്കുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍. ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍ നായകനാവുന്ന ശിലാലിഖിതം, പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത ഓളവും തീരവും സിനിമയുടെ റീമേക്ക് എന്നിവയാണവ. ഓളവും തീരവും റീമേക്കില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. അഭയം തേടി എന്ന കഥയാണ് സന്തോഷ് ശിവന്‍ സിനിമയാക്കുന്നത്. സിദ്ദിഖ് ആണ് നായകന്‍. ജയരാജ് സംവിധാനം ചെയ്യുന്ന ഭാഗത്തില്‍ ഉണ്ണി മുകുന്ദനും നായകനായി എത്തുന്നു.