കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ പുതിയ സിനിമ വരുന്നു. 'തല്ലുമാല' എന്ന കൗതുകകരമായ പേരിട്ടിരിക്കുന്ന ചിത്രത്തിലെ കാസ്റ്റിംഗിലും കൗതുകമുണ്ട്. ടൊവീനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മാണം.

മുഹ്‌സിനും എഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുശിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു. ഒപിഎം സിനിമാസ് ആണ് വിതരണം.

കെഎല്‍ 10 പത്ത് എന്ന സിനിമയ്ക്ക് പുറമെ മുഹ്‌സിന്‍ സംവിധാനം നിര്‍വ്വഹിച്ച മലയാളം ഹിപ് ഹോപ് ആല്‍ബങ്ങളും ശ്രദ്ധ നേടിയിരുന്നു. നേറ്റീവ് ബാപ്പ എന്ന ആല്‍ബം 2013ല്‍ പുറത്തെത്തി. അതിന്റെ രണ്ടാംഭാഗമായ ഫ്യുണറല്‍ ഓഫ് എ നേറ്റീവ് സണ്‍ 2016ലും പുറത്തെത്തി. സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചയിതാവുമാണ് മുഹ്‌സിന്‍ പരാരി.