ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം ഇന്നലെ ഇതേ കോടതി തള്ളിക്കളഞ്ഞിരുന്നു

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ (Drug Party Case) അറസ്റ്റിലായ ആര്യന്‍ ഖാന് (Aryan Khan) ജാമ്യമില്ല (Bail). ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്‍റിനെയും ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാര്‍പ്പിക്കുക.

ജാമ്യാപേക്ഷകള്‍ നിലനില്‍ക്കുന്നവയല്ലെന്നും അതിനാല്‍ തള്ളുകയാണെന്നും അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍ എം നിലേക്കര്‍ പ്രസ്‍താവിച്ചു. പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കെതിരായ കുറ്റാരോപണം എന്‍ഡിപിഎസ് ആക്റ്റിനു കീഴില്‍ വരുന്നതിനാല്‍ ഒരു പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണ് ഇതെന്ന് എന്‍സിബിക്കുവേണ്ടി ഹാജരായ എഎസ്‍ജി അനില്‍ സിംഗ് വാദിച്ചു. എന്നാല്‍ ആര്യന്‍ ഖാനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം ഇന്നലെ ഇതേ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എൻസിബി കസ്റ്റഡിയിലെ ചോദ്യംചെയ്യൽ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. 

അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി. 

ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് വന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണിത്. പുറത്ത് നിന്ന് ഒരാൾ, അതും ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്‍റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിയ്ക്കൊപ്പം പോയെന്നുമാണ് ബനുശാലിയുടെ മറുപടി. പക്ഷേ മുമ്പ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം. 

എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു. ഒരു സ്വകാര്യ ഡിറ്റക്ടീവും റെയ്ഡിന്‍റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്,അവ‍ർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്‍റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം.