സോനു സൂദുവിന്റെ പഞ്ചാബിനെ പരാജയപ്പെടുത്തി ബോളിവുഡ് വിജയവഴിയില്‍.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബോളിവുഡ് താരങ്ങള്‍ വിജയവഴിയില്‍ തിരിച്ചെത്തി. രണ്ടാം മത്സരത്തില്‍ പഞ്ചാബ് ദേ ഷേറിനെയാണ് മുംബൈ ഹീറോസ് പരാജയപ്പെടുത്തിയത്. 22 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസിനെതിരെ മുംബൈ ഹീറോസ് പരാജയപ്പെട്ടിരുന്നു.
ടോസ് നേടിയ പഞ്ചാബ് ദേ ഷേര്‍ ക്യാപ്റ്റൻ സോനു സൂദു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സമിര്‍ കൊച്ചാറിന്റെ തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ മുംബൈ ഹീറോസ് നാല് വിക്കറ്റ് നഷ്‍ടത്തില്‍ 133 റണ്‍സ് എടുത്തു. 24 പന്തില്‍ 67 റണ്‍സായിരുന്നു സമിര്‍ കൊച്ചാറിന്റെ സമ്പാദ്യം. മുംബൈക്കായി 12 പന്തില്‍ 20 റണ്‍സ് എടുത്ത അപൂര്‍ ലഖിയയും ബാറ്റിംഗില്‍ തിളങ്ങി. സാഖിബ് സലീം മൂന്ന് പന്തില്‍ എട്ട്, രാജ ഭെര്‍വാനി 13 പന്തില്‍ 19, നവ്‍ദീപ് തൊമാര്‍ ആറ് പന്തില്‍ ഒമ്പത് ശരദ് കേല്‍കര്‍ രണ്ട് പന്തില്‍ അഞ്ച് എന്നിങ്ങനെയായിരുന്നു മുംബൈയുടെ മറ്റ് ബാറ്റ്‍സ്‍മാൻമാരുടെ സ്‍കോറുകള്‍. മുംബൈയുടെ അപൂര്‍വ ലഖിയയും ശരദ് കേല്‍ക്കറും പുറത്താകാതെ നിന്നു. സമിര്‍ കൊച്ചാര്‍ റണ്‍ ഔട്ടാകുകയായിരുന്നു. പഞ്ചാബിന് വേണ്ടി പന്തെറിഞ്ഞ ബബ്ബാല്‍ റായ്‍ രണ്ട് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് എടുത്തു. ഓരു ഓവര്‍ വീതം എറിഞ്ഞ രാജീവ് ഋഷി 16 റണ്‍സ് വിട്ടുകൊടുത്തും ദക്ഷ് അജിത്ത് 13 റണ്‍സ് വിട്ടുകൊടുത്തും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യ സ്‍പെല്ലില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 116 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 14 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന് അനുജ് ഖുറാനയാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ദേവ് ഖറോഡ് 13 പന്തില്‍ നിന്ന് 28ഉം അമിത് ഭല്ല 16 പന്തില്‍ നിന്ന് 25ഉം റണ്‍സ് എടുത്തു. മയുര്‍ മേഹ്‍ത മൂന്ന് പിന്തില്‍ നിന്ന് നാലും രാജീവ് ഋഷി 11 പന്തില്‍ നിന്ന് 15ഉം മൻമീത് സിംഗ് മൂന്ന് പന്തില്‍ നിന്ന് രണ്ടും റണ്‍സ് എടുത്തു. സോനു സൂദ് ഒരു പന്ത് മാത്രം നേരിട്ട് റണ്‍സൊന്നും എടുക്കാതെ മടങ്ങി. മൻമീത് സിംഗായിരുന്നു സ്‍പെല്‍ അവസാനിക്കുമ്പോള്‍ അനുജ് ഖുറാനയ്‍ക്കൊപ്പം ക്രീസില്‍.
പതിനേഴ് റണ്‍സിന്റെ ലീഡുമായി രണ്ടാമത് ബാറ്റ് ചെയ്‍ത മുംബൈ ഹീറോസ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ 108 റണ്‍സ് എടുത്തു. 16 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശരദ് കേല്‍ക്കറും 22 പന്തില്‍ 22 റണ്‍സ് എടുത്ത മാധവുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. അപൂര്‍വ 14 പന്തില്‍ 15 റണ്‍സ് എടുത്തു. നവദീപ് തൊമാര്‍ 11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. രണ്ട് ഓവര്‍ എറിഞ്ഞ് 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രാജീവ് ഋഷി രണ്ട് വിക്കറ്റുുകള്‍ സ്വന്തമാക്കി.
രണ്ടാം സ്‍പെല്ലില്‍ 126 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍ മയുര്‍ മേഹ്‍ത മികവ് കാട്ടി. 17 പന്തില്‍ നിന്ന് 47 റണ്‍സാണ് മയൂര്‍ മേഹ്‍ത അടിച്ചെടുത്തത്. 13 പന്തില്‍ നിന്ന് 24 റണ്‍സ് എടുത്ത അമിത് ആണ് പഞ്ചാബ് നിരയിലെ രണ്ടാമത്തെ ടോപ്‍സ്‍കോറര്‍. രാജീവ് ഋഷി 10 പന്തില്‍ 10ഉം ദേവ് ഖറോഡ് 10 രണ്ട് പന്തില്‍ രണ്ടും അനുജ് ഖുറാന എട്ട് പന്തില്‍ 11ഉം ബല്‍രാജ് ഒരു പന്തില്‍ ഒന്നും റണ്‍സ് എടുത്തപ്പോള്‍ ഒരു പന്ത് മാത്രം നേരിട്ട ദക്ഷിന് റണ്‍സൊന്നും എടുക്കാനായല്ല. ബല്‍രാജ് സ്യാല്‍ പുറത്താകാതെ നിന്നു. പഞ്ചാബിന്റെ സ്‍കോര്‍ ഒമ്പത് വിക്കറ്റ് നഷ്‍ടത്തില്‍ 103 റണ്‍സില്‍ അവസാനിച്ചു. മുംബൈ ഹീറോസ് പഞ്ചാബ് സിനിമാ താരങ്ങള്‍ക്ക് എതിരെ 22 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്‍തു. മുംബൈക്കായി രണ്ട് ഓവര്‍ എറിഞ്ഞ ശരദ് കേല്‍ക്കര്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു ഓവറില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത നവദീപ് തോറും രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഷബ്ബിര്‍, രാജ് ഭേര്‍വാനി, ഫ്രെഡ്ഡി എന്നിവര്‍ രണ്ട് ഓവര്‍ വീതം എറിഞ്ഞ് ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
