മുംബൈക്ക് എതിരെ ടോസ് നഷ്‍ടമായതിന് ശേഷം കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

സെലിബ്രിറ്റി ക്രിക്കറ്റില്‍ മൂന്നാം മത്സരത്തിനിറങ്ങുന്ന കേരള സ്‍ട്രേക്കേഴ്‍സിന് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ബോളിവുഡ് സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ റിതേഷ് ദേശ്‍മുഖ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുംബൈക്കെതിരെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷയുണ്ടെന്നും മുൻതൂക്കമുണ്ടെന്നും സമ്മര്‍ദ്ദമില്ലെന്നും ആസ്വദിക്കുകയാണെന്നും കേരള സ്‍ട്രൈക്കേഴ്‍സ് നായകൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ടോസ് നിര്‍ണായകമല്ലെന്നും ആരാധാകരനെ സന്തോഷിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സ് ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് എന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചിരുന്നു. കാര്യവട്ടത്ത് നമ്മള്‍ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ്. ഒന്ന് വിജയിക്കുക എന്നതും പോയന്റ് ടേബിളില്‍ നമുക്ക് പോയന്റ് ലഭിക്കുക എന്നുള്ളതും പ്രധാനമാണ്. അതുപോലെ നാട്ടുകാരുടെ മുന്നില്‍ കളിക്കുമ്പോള്‍ അവരുടെ ആവേശം കെടുത്താത്ത തരത്തില്‍ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും ഒക്കെ നിറച്ചാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്. ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ് എന്നും കേരള നായകൻ കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.

ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഫോര്‍മാറ്റില്‍ വ്യത്യാസമുണ്ട്. പ്ലേയേഴ്‍സിന് കാറ്റഗറൈസേഷൻ ഉണ്ട്. എ, ബി കാറ്റഗറി എന്ന രീതിയില്‍. അപ്പോള്‍ അവരുടെ ലഭ്യത പ്രധാനമാണ്. അതില്‍ തന്നെ നോക്കുമ്പോള്‍ എ കാറ്റഗറിയില്‍ ഏഴ് പേര് കാണും. അവരില്‍ പലരും സിനിമകളുടെ തിരക്കിലും പല സ്ഥലങ്ങളിലുമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ചിത്രീകരണത്തിലാണ്. അപ്പോള്‍ അവരെ മത്സരം ദിവസം മാത്രം കൊണ്ടുവന്നിട്ട് കാര്യമില്ല. അവര്‍ക്ക് പരിശീലനം കൊടുക്കണം. എന്നാല്‍ മാത്രമേ മത്സരത്തിലേക്ക് കൊണ്ടുവന്നിട്ട് കാര്യമുള്ളൂ എന്നത് പ്രധാനമാണ്. എന്നിരുന്നാല്‍ തന്നെയും അവൈലബിള്‍ ആയ ഒരു പ്ലേയിംഗ് ഇലവനെയും കാറ്റഗറി പ്ലേയേഴ്‍സിനെയും വെച്ച് നമ്മള്‍ മികച്ച ടീമിനെയാണ് ഇറക്കുന്നത്.

ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ചും ചാക്കോച്ചൻ മനസ് തുറന്നു. ചെറുപ്പം മുതലേ ക്രിക്കറ്റ് കളിക്കുന്നയാളാണ്. ക്രിക്കറ്റ് ഫോളോ ചെയ്യാറുണ്ട്. അങ്ങനയൊരു പാഷനായിട്ടുള്ള ആള്‍ക്കാരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ളത്. ക്യാപ്റ്റൻസി എന്നതിനേക്കാളുപരി ഓണ്‍ഫീല്‍ഡ് മാനേജ് ചെയ്യാനാകുന്ന ആള്‍ക്കാരുടെ അഭിപ്രായമാണ് കൂടുതലായിട്ട് എടുക്കുന്നത്. അത് പ്രോപ്പറായിട്ട് ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‍ച കേരള സ്‍ട്രൈക്കേഴ്‍സ് പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചത്.

Read More: ഞെട്ടിക്കാൻ 'മാവീരൻ', ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ വീഡിയോ പുറത്ത്