മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പതിനൊന്ന് വയസ്സ്. മുംബൈ താജ്‍മഹല്‍ പാലസ് ഹോട്ടല്‍ അടക്കമുള്ളവയ്‍ക്ക് എതിരെ 2008 നവംബര്‍ 26ന് നടന്ന ഭീകാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‍തിരുന്നു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‍മൽ കസബിന് പിന്നീട് വധശിക്ഷയ്‍ക്ക് വിധേയനാക്കുകയും ചെയ്‍തിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഒട്ടേറെ പൊലീസുകാര്‍ക്കും സേന ഉദ്യോഗസ്ഥസ്‍ഥര്‍ക്കുമാണ് ജീവൻ ബലി കഴിക്കേണ്ടിവന്നത്. അന്നത്തെ ഹീറോകള്‍ക്ക് സല്യൂട്ട് അര്‍പ്പിച്ച് രംഗത്ത് എത്തുകയാണ് താരങ്ങള്‍.

അന്നത്തെ ത്യാഗത്തിന് സല്യൂട്ട് എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. 26/11 ഒരിക്കലും  മറക്കില്ല, ഞങ്ങള്‍ കരുത്താര്‍ജ്ജിച്ചതേയുള്ളൂവെന്ന് വരുണ്‍ ധവാൻ എഴുതുന്നു.  ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് അജയ് ദേവ്ഗണ്‍ ആദരവ് അര്‍പ്പിച്ചിരിക്കുന്നത്.  പത്ത് വർഷം മുമ്പ്  ജീവൻ നഷ്‍ടപ്പെട്ട എല്ലാവരുടെയും, നിരവധി ജീവൻ രക്ഷിച്ച ധീരരായ ഹൃദയങ്ങളുടെയും ഓർമ്മയ്ക്കായിഎന്നാണ് ദിയ മിര്‍സ എഴുതിയിരിക്കുന്നത്. 26/11 ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ദിവസം! ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുന്നതിനിടയിൽ ധീരമായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്‍ത രക്തസാക്ഷികളെ ഓർമ്മിക്കുന്നുവെന്ന് ദിവ്യ ദത്തയും എഴുതിയിരിക്കുന്നു.