Asianet News MalayalamAsianet News Malayalam

'മുന്നാഭായ്' കോമ്പോ വീണ്ടും ഒന്നിക്കുന്നു; മൂന്നാം ഭാഗത്തിന് കാത്ത് ആരാധകര്‍

സിദ്ധാന്ത് സച്ച്ദേവ് ആണ് സംവിധാനം

munna bhai combo unites again sanjay dutt and arshad warsi
Author
First Published Jan 26, 2023, 3:05 PM IST

രാജ്‍കുമാര്‍ ഹിറാനിയുടെ മുന്നാഭായ് ഫ്രാഞ്ചൈസിയിലൂടെ പ്രേക്ഷകമനം കവര്‍ന്ന കോമ്പിനേഷനാണ് സഞ്ജയ് ദത്ത്- അര്‍ഷാദ് വര്‍സി. മുരളിപ്രസാദ് മുന്നാഭായി ശര്‍മ്മയായി സഞ്ചയ് ദത്ത് എത്തിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ സൈഡ് കിക്ക് സര്‍ക്കേശ്വര്‍ സര്‍ക്യൂട്ട് മിശ്ര എന്ന കഥാപാത്രത്തെയാണ് അര്‍ഷാദ് വര്‍സി അവതരിപ്പിച്ചത്. 2007 ല്‍ പുറത്തെത്തിയ ധമാല്‍ പോലെ മറ്റു ചില ചിത്രങ്ങളിലും ഈ കോമ്പിനേഷന്‍ ഒന്നിച്ചെങ്കിലും അവയൊന്നും മുന്നാഭായ് നേടിയ ജനപ്രീതി നേടിയില്ല. എന്നാല്‍ ആരാധകര്‍ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു കോമ്പിനേഷനുമാണ് ഇത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്കു ശേഷം അത് യാഥാര്‍ഥ്യമാവുകയാണ്.

സിദ്ധാന്ത് സച്ച്ദേവ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത് സഞ്ജയ് ദത്ത് ആണ്. ത്രീ ഡയമെന്‍ഷന്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം എത്തുക. ഞങ്ങളുടേത് നിങ്ങളുടേതിനേക്കാള്‍ വലിയ കാത്തിരിപ്പ് ആയിരുന്നു. പക്ഷേ ആ കാത്തിരിപ്പ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മറ്റൊരു ആവേശകരമായ സിനിമയ്ക്കുവേണ്ടി എന്‍റെ സഹോദരന്‍ അര്‍ഷാദ് വര്‍സിയുമൊത്ത് എത്തുകയാണ്. ഇത് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനായുള്ള കാത്തിരിപ്പാണ് ഇനി, അനൌണ്‍സ്മെന്‍റ് പോസ്റ്ററിനൊപ്പം സഞ്ജയ് ദത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന രണ്ട് തടവുകാരുടെ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സഞ്ജയ് ദത്തും അര്‍ഷാദ് വര്‍സിയും.

ALSO READ : ഹിറ്റ് കോംബോ തിരിച്ചുവരുമ്പോള്‍; 'എലോണ്‍' റിവ്യൂ

അതേസമയം വരാനിരിക്കുന്ന ചിത്രം മുന്നാഭായ്‍യുടെ മൂന്നാം ഭാഗം ആണോ എന്ന ചോദ്യമാണ് ഇരുവരുടെയും ആരാധകര്‍ ഉയര്‍ത്തുന്നത്. ഇത് ആ ചിത്രം അല്ലെങ്കില്‍ മുന്നാഭായ്‍യുടെ മൂന്നാമത്തെ വരവ് എപ്പോള്‍ സംഭവിക്കുമെന്നും അവര്‍ ചോദിക്കുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായ ഷംഷേരയാണ് സഞ്ജയ് ദത്തിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. കെജിഎഫ് ചാപ്റ്റര്‍ രണ്ടിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios