ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത് 2004ല്‍ പുറത്തെത്തിയ 'രസികനി'ലൂടെ തിരക്കഥാകൃത്തായാണ് മുരളി ഗോപിയുടെ സിനിമാ പ്രവേശം. എന്നാല്‍ ആദ്യശ്രമം തീയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാത്തതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒരിടവേള എടുത്ത് ഒരു വിദേശജോലിയുമായി കഴിയുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്തായല്ല, നടനായായിരുന്നു അഞ്ച് വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവ്, ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലൂടെ. 2009 ജൂണ്‍ 25നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഭ്രമരത്തിന് കൃത്യം പത്ത് വര്‍ഷം തികയുന്ന വേളയില്‍ ആ തിരിച്ചുവരവിനെക്കുറിച്ചും അതിന് കാരണക്കാരനായ ആളെയും ഓര്‍ക്കുകയാണ് മുരളി ഗോപി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്..

ഭ്രമരത്തിലൂടെയുള്ള തിരിച്ചുവരവ്- മുരളി ഗോപി പറയുന്നു

'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ ഇരുത്തി അദ്ദേഹം, എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ...