പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ റിലീസ് ചെയ്യപ്പെട്ടിട്ട് 120 ദിനങ്ങള്‍. ചിത്രത്തിന്റെ 120-ാം ദിനത്തിന് ഒരു തീയേറ്റര്‍ ഏര്‍പ്പെടുത്തിയ ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുരളി ഗോപി എത്തി. മലപ്പുറം ചങ്ങരംകുളത്തെ മാര്‍സ് സിനിമാസ് ആയിരുന്നു ആഘോഷത്തിന്റെ വേദി. നേരത്തേ ചിത്രം റിലീസ് ചെയ്ത സമയത്ത് തുടര്‍ച്ചയായി 118 മണിക്കൂര്‍ പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു ഈ തീയേറ്റര്‍.

ബോക്‌സ്ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'ലൂസിഫര്‍' മലയാളസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റാണ്.യുഎസും യുകെയും അടക്കം രാജ്യത്തിന് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ അനേകം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. റിലീസിന്റെ അന്‍പതാം ദിനത്തില്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യപ്പെട്ടും ലൂസിഫര്‍ മലയാള സിനിമാ വ്യവസായത്തില്‍ പുതുമ കൊണ്ടുവന്നു.

അതേസമയം 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായി 'എമ്പുരാന്‍' എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 18ന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു പ്രഖ്യാപനം. സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നുമാണ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞിരിക്കുന്നത്.