അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്‍ത ചിത്രമാണ് കള. 

സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'കള'. ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം മികച്ചു നിൽക്കുന്നുവെന്ന് മുരളി ഗോപി കുറിക്കുന്നു. 

'രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാൽ സാറിനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങള്‍. നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ്', മുരളി ഗോപി പറഞ്ഞു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്‍ത ചിത്രമാണ് കള. മാര്‍ച്ച് 25ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകര്‍ എത്തിയ ചിത്രമായിരുന്നു ഇത്. ആഖ്യാനത്തില്‍ വ്യത്യസ്തതയുള്ള ചിത്രത്തില്‍ സുമേഷ് മൂര്‍ നായകനും ടൊവീനോ പ്രതിനായകനുമാണ്. ദിവ്യ പിള്ള, ലാല്‍, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. യദു പുഷ്‍പാകരനും രോഹിത്ത് വി എസും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona