സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം.
ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകനിലൂടെയാണ് എസ് പി വെങ്കിടേഷ് മലയാളത്തിലെത്തുന്നത്.
കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. മലയാളത്തിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
1968 മുതൽ വിവിധ ഭാഷകളിലെ സിനിമകളിലെ ഓര്‍ക്കസ്ട്രയിൽ അദ്ദേഹം ഭാഗമായിരുന്നു. പിന്നീട് 71ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ് പി വെങ്കിടേഷ് മാറുന്നത്. 83ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകൻ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്‍റേതായിരുന്നു. രാഘവൻ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 90കളിലെ അദ്ദേഹത്തിന്‍റെ പാട്ടുകളിൽ സൂപ്പര്‍ഹിറ്റല്ലാത്തവ വളരെ കുറവാണെന്ന് കാണാം. ശാന്തമീ രാത്രിയിൽ പോലുള്ള ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലുണ്ട്.



