കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വെഞ്ഞാറമ്മൂട് സിഐക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനോട് ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെഞ്ഞാറമൂട് സിഐയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം ഒരാഴ്‍ച കൂടി ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നുവെന്നും അഞ്ചാം തീയ്യതിയോടെ തന്‍റെ നിരീക്ഷണത്തിന്‍റെ കാലാവധി അവസാനിച്ചുവെന്നും സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സുരാജ് ഇക്കാര്യം അറിയിച്ചത്.

സുരാജ് വെഞ്ഞാറമൂടിന്‍റെ കുറിപ്പ്

പ്രിയപ്പെട്ടവരെ, വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിക്ക് കൊവിഡ് പോസിറ്റീവ് ആയതുകൊണ്ട്, ഞാനും എംഎൽഎയും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റും ഉൾപ്പെടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ് സി ബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സിഐയും പങ്കെടുത്ത കാരണത്താൽ, സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്‍റൈനിലേക്ക് പോയ വിവരം എല്ലാവരെയും അറിയിച്ചിരുന്നു. ഇപ്പോൾ വെഞ്ഞാറമൂട് സിഐയുടെ Swab റിസൾട്ട് നെഗറ്റീവ് ആയി കണ്ടെത്തിയതിനാൽ അദ്ദേഹവും സെക്കന്‍ഡറി കോണ്ടാക്റ്റില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു. ആ നിരീക്ഷണ കാലാവധി ജൂൺ 5 ന് അവസാനിച്ച വാർത്ത ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
  
ഹോം ക്വാറന്‍റൈന്‍ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും സൗഹൃദവും കരുതലും പങ്കുവച്ചവർ നിരവധിയാണ്.
വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്. എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ, എന്നതുകൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവ്വം
സുരാജ് വെഞ്ഞാറമൂട്