വെള്ളിയാഴ്ച ആയിരുന്നു ദി കേരള സ്റ്റോറിയുടെ റിലീസ്

ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നു എന്ന് സ്ഥാപിക്കുന്ന ചിത്രമാണിത്. സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാമെന്ന് വിമര്‍ശനം ഉയര്‍ന്ന ചിത്രം ട്വിറ്ററില്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. ഈ ചിത്രം സൃഷ്ടിക്കുന്ന പ്രതിച്ഛായയല്ല യഥാര്‍ഥത്തില്‍ കേരളത്തിനുള്ളതെന്ന് പറയുന്നവരും ട്വിറ്ററിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ പ്രശസ്തരുമുണ്ട്. ഓസ്കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ് ഇത് സംബന്ധിച്ച ട്വിറ്റര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന ഒരാള്‍.

സിനിമയുടെ റിലീസിന് മുന്‍പ് ട്വിറ്ററില്‍ വൈറല്‍ ആയ ചേരാവള്ളി മസ്ജിദിലെ ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ റസൂല്‍ പൂക്കുട്ടിയും പങ്കുവച്ചിരുന്നു. പിന്നാലെയാണ് #mykeralastory എന്ന ഹാഷ് ടാഗിലൂടെ അദ്ദേഹം ട്വിറ്ററില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നിങ്ങള്‍ക്ക് പറയാന്‍ ഒരു കേരള സ്റ്റോറിയുണ്ടെങ്കില്‍ ഈ ഹാഷ് ടാഗില്‍ അത് പങ്കുവെക്കാനായിരുന്നു ആഹ്വാനം. രണ്ട് ദിവസം കൊണ്ട് കേരളത്തിന്‍റെ സാംസ്കാരിക ജീവിതത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ പങ്കുവച്ചുള്ള നിരവധി ട്വീറ്റുകളാണ് ഈ ഹാഷ് ടാഗില്‍ എത്തിയത്. സംഗീതജ്ഞന്‍ ടി എം കൃഷ്ണയാണ് ഇതില്‍ പ്രതികരണമറിയിച്ച് എത്തിയ ഒരു പ്രമുഖന്‍. 

Scroll to load tweet…
Scroll to load tweet…

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ ഞാന്‍ സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. അവിടെയൊക്കെ വ്യത്യസ്ത വിശ്വാസങ്ങളില്‍ പെട്ട മനുഷ്യര്‍ ആസ്വാദകരായി എത്തി. അവരില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. നാളെ കൊല്ലത്ത് ഞാന്‍ വരുന്നുണ്ട്, എന്നാണ് റസൂല്‍ പൂക്കുട്ടിക്ക് ടി എം കൃഷ്ണ നല്‍കിയ പ്രതികരണം. തിരുവനന്തപുരത്ത് ഒരു മതിലിന് അപ്പുറത്തും ഇപ്പുറത്തും സ്ഥിതി ചെയ്യുന്ന പാളയം പള്ളിയെക്കുറിച്ചും ഗണപതി ക്ഷേത്രത്തെക്കുറിച്ചും റസൂല്‍ പൂക്കുട്ടി ഒരു ട്വീറ്റില്‍ പറയുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…

അതേസമയം വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തില്‍ കാര്യമായ പ്രതികരണമുണ്ടാക്കാന്‍ ആയിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട കളക്ഷനുമുണ്ട്. 21 സ്ക്രീനുകളിലാണ് കേരളത്തിലെ റിലീസ്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഉള്‍പ്പെടെ ചിത്രത്തിന്‍റെ നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന കേരളത്തിലെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു.

ALSO READ : അര്‍ധരാത്രി 67 എക്സ്‍ട്രാ ഷോകള്‍, '2018' നേടിയത് റിലീസ് ദിനത്തേക്കാള്‍ ഇരട്ടിയിലധികം കളക്ഷന്‍