Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി 'മൈ നെയിം', റിവ്യു

'മൈ നെയിം' എന്ന കെ ഡ്രാമയുടെ റിവ്യു.

 

My Name Korean Drama review
Author
First Published Dec 2, 2022, 11:14 PM IST

പ്രതികാരകഥകൾ എക്കാലത്തും ഹിറ്റായ വിഷയമാണ്. സിനിമക്കായാലും പരമ്പരയ്‍ക്കായാലും. മക്കളെ അപായപ്പെടുത്തിയവരോട്, അച്ഛനമ്മമാരെ കൊന്നവരോട് എല്ലാം കാത്തിരുന്ന് പ്രതികാരം ചെയ്യുന്ന നായകൻമാർ എക്കാലത്തും തരംഗവുമായിട്ടുണ്ട്.  ത്രില്ലടിപ്പിക്കുന്ന അതേ പാത പിന്തുടരുന്ന ഒരു പരമ്പരയാണ് 'മൈ നെയിം' അഥവാ 'എന്റെ പേര്'. ഒരു വ്യത്യാസം. നായകനല്ല പ്രതികാരത്തിന്റെ ശക്തിദുർഗമായി കൊടുങ്കാറ്റ് അഴിച്ചുവിടുന്നത്. മറിച്ച് നായികയാണ്.  

ക്രിമിനൽ സംഘത്തിൽ ഉൾപെട്ട അച്ഛന്റേ പേരിൽ പഠിക്കുന്ന കാലം തൊട്ടേ ജി വൂ കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും എല്ലാം ഇരയായിട്ടുണ്ട്. അപ്പോഴും അമ്മയില്ലാത്ത തന്നെ നോക്കി വളർത്തുന്ന അച്ഛൻ അവൾക്ക് ഹീറോയാണ്. എല്ലാമാണ്. സ്‍കൂളിലെ ഒരു കശപിശയും വൈകിയ പിറന്നാൾ സമ്മാനവും കാരണം അച്ഛനോട് അവൾ വല്ലാതെ വഴക്കിട്ട ദിവസം, അന്ന്  അവളെ കാണാൻ വരുന്നുണ്ട് അച്ഛൻ. വാതിലിന് അപ്പുറവും ഇപ്പുറവും നിന്ന് ഒന്നും രണ്ടും പറയുന്നതിനിടെ  മുഖംമൂടിയിട്ട തോക്കുധാരിയെത്തുന്നതും അച്ഛനെ തുരുതുരാ വെടിവെക്കുന്നതും അവൾ കാണുന്നു. വാതിൽ തുറക്കാൻ അനുവദിക്കാതെ അവളുടെ സുരക്ഷ ഉറപ്പാക്കിയിട്ടാണ് അച്ഛൻ മരിക്കുന്നത്.

എവിടെയും എത്താത്ത അന്വേഷണത്തിൽ മനസ്സുമടുത്ത് ജി വൂ സ്വന്തം നിലക്ക് കാര്യങ്ങൾ നോക്കാൻ തീരുമാനിക്കുന്നു. അവിടത്തെ ഏറ്റവും വലിയ ക്രൈം സിൻഡിക്കേറ്റ് ഡോങ് ച്യോണിന്റെ തലവൻ ചോയ് മ്യു ജിൻ ആണ്. മ്യു ജിന്നിന്റെ സഹായം ചോദിച്ച് ജി വൂ എത്തുന്നു. അവളുടെ പ്രതികാരദാഹത്തിന്റെ ആഴം മാത്രമല്ല മ്യൂ ജിന്നിന് അറിയുക. അവളുടെ അച്ഛന്റെ സുഹൃത്തുമായിരുന്നു അയാൾ. തന്റെ വലംകൈ ആയിരുന്ന അയാളെ കൊന്ന പൊലീസുകാരെ ഒരു പാഠം പഠിപ്പിക്കാൻ ഒപ്പമുണ്ടെന്ന് മ്യു ജിൻ പറയുന്നു. പക്ഷേ തന്റെ സംഘത്തിൽ ചേരാൻ എളുപ്പമല്ലെന്നും. ആൺകുട്ടികൾ മാത്രമുള്ള പുത്തൻസംഘത്തിൽ ചേരാനും അയോധനമുറകൾ പരിശീലിക്കാനും ജി വൂ തയ്യാറാവുന്നു. എന്ന് മാത്രമല്ല അവിടെ ആർക്കുമൊപ്പം പോന്ന രീതിയിൽ അടിതട പഠിക്കുകയും മത്സരങ്ങളിൽ ജയിക്കുകയും ചെയ്യുന്നു. പിന്നാലെ മ്യു ജിന്നിന്റെ ലഹരിക്കടത്തിലും കയ്യാങ്കളിയിലുമെല്ലാം ജി വൂ ചേരുന്നു. പിന്നെ അയാളുടെ നിർദേശപ്രകാരം പൊലീസിലെ നാർക്കോട്ടിക്സ് വിഭാഗത്തിൽ ജോലിക്ക് കയറുന്നു. തന്റെ ചാരക്കണ്ണുകളായി പ്രവർത്തിക്കാനും പൊലീസിൽ നിന്ന് വിവരങ്ങൾ ചോർത്താനുമാണ് അത്. മാത്രമല്ല നാർക്കോട്ടിക്സ് സെൽ മേധാവിയാണ് ജി വൂവിന്റെ അച്ഛനെ കൊന്നതെന്നാണ് മ്യൂ ജിൻ പറഞ്ഞിരിക്കുന്നത്. അയാളിൽ ഒരു കണ്ണുവെക്കാനും കൂടുതൽ വിവരങ്ങളെടുക്കാനും മ്യു ജിൻ, ജി വുവിനോട് പറയുന്നുണ്ട്. ഇതിനിടെ നാർക്കോട്ടിക്സ് സെല്ലിലെ സഹപ്രവർത്തകനായ ജ്യോൺ പിൽദോക്ക് ജി വൂവിനെ പറ്റി ചില സംശയങ്ങൾ തോന്നുന്നുണ്ട്. ചില ഓപ്പറേഷനുകളിൽ ജി വൂ നടത്തുന്ന ഇടപെടലുകളാണ് കാരണം. ഇതിനെല്ലാത്തിനുമിടയിൽ പൊലീസ് പണിക്കിടെ  ജി വൂവിന്  ചില നിർണായക വിവരങ്ങൾ കിട്ടുന്നു. അതെന്താണ്? യഥാർത്ഥത്തിൽ അവളുടെ അച്ഛനെ കൊന്നത് ആരാണ്? മ്യു ജിൻ ശരിക്കും ലക്ഷ്യമിടുന്നത് എന്താണ്? പിൽ ദോക്ക് തോന്നുന്ന സംശയങ്ങൾ ജി വൂവിന് ബുദ്ധിമുട്ടാകുമോ? ശരിക്കും ജി വൂവിന്റെ അച്ഛന്റെ ജോലി എന്തായിരുന്നു? ത്രില്ലടിപ്പിക്കും വിധമാണ് ഓരോ ചോദ്യത്തിനും ഉത്തരം കിട്ടുന്നത്.

നായിക ജി വൂ ആയി ഹാൻ സോ ഹീ തകർത്തു. ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഒരു പോലെ. മ്യു ജിൻ ആയി പാർക്ക് ഹി സൂൻ സ്ക്രീൻ നിറഞ്ഞുനിന്നു. അതുപോലെ തന്നെ പിൽ ദോ ആയി ആങ് ബോ ഹ്യുനും മറ്റ് താരങ്ങളും .ചടുലമായ ആക്ഷൻരംഗങ്ങളുടെ താളം എട്ട് എപ്പിസോഡുകളും കാത്തുസൂക്ഷിക്കുന്നു.

Read More: ആവേശം നിറച്ച് 'ഹ്വാരങ്: ദ പോയറ്റ് വാരിയര്‍ യൂത്ത്'- റിവ്യു

Follow Us:
Download App:
  • android
  • ios