മലയാളത്തില്‍ ഒരു കാലത്തെ ഹിറ്റ് തിരക്കഥാകൃത്ത് ആയിരുന്ന ഡെന്നിസ് ജോസഫുമൊത്താണ് തന്‍റെ അടുത്ത സിനിമയെന്ന് ഒമര്‍ ലുലു നേരത്തേ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ അതിലെ നായകനെയും പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. ഡെന്നിസിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന സിനിമയാണ് താന്‍ ഒരുക്കുന്നതെന്നും മാസും ക്ലാസും ഉള്ള സിനിമയാവും അതെന്നും ഒമര്‍ ലുലു പ്രതികരിച്ചു. ഫേസ്ബുക്കില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് ഒമറിന്‍റെ പ്രതികരണം.

മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ച തമിഴ് ചിത്രം ദളപതിയെക്കുറിച്ചുള്ള ഒരു അഭിപ്രായം ഒമര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനു താഴെ വന്ന കമന്‍റുകള്‍ക്ക് മറുപടിയായാണ് ഒമര്‍ മമ്മൂട്ടി നായകനാവുന്ന തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. "മമ്മൂക്കയ്ക്കു വേണ്ടി ഒരു പക്ക മാസ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍‌ ശരിയാവില്ല. ഇടയ്ക്ക് ഒരു മാസ് ഒക്കെ വേണ്ടേ", ഒമര്‍ അഭിപ്രായപ്പെട്ടു.

തന്‍റെ മുന്‍ സിനിമകളിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാവില്ലെന്നും ഒമര്‍ ലുലു അഭിപ്രായപ്പെടുന്നു. "യൂത്തിനെ മാത്രം ലക്ഷ്യംവച്ചുള്ള കോമഡി സിനിമകളാണ് ഇതുവരെ ചെയ്‍തത്. അതുകൊണ്ടാണ് അങ്ങനെ. മാസ് സിനിമ ആണെങ്കില്‍ ഡബിള്‍ മീനിംഗിന്‍റെ ആവശ്യമില്ല. പക്ക മാസ് ആയിരിക്കും". ക്ലാസും മാസും ഒത്തുചേരുന്ന ചിത്രമാണ് പ്ലാന്‍ ചെയ്യുന്നത് എന്നാണ് ഒമറിന്‍റെ മറ്റൊരു കമന്‍റ്.

ധമാക്കയാണ് ഒമര്‍ ലുലുവിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അരുണ്‍ കുമാറും നിക്കി ഗള്‍റാണിയുമായിരുന്നു നായികാനായകന്മാര്‍. അതേസമയം എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. ജോഷി, തമ്പി കണ്ണന്താനം, ഭരതന്‍, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, ഐ വി ശശി എന്നിവര്‍ക്കുവേണ്ടിയൊക്കെ അദ്ദേഹം എഴുതി. നിറക്കൂട്ട്, രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി കാലങ്ങള്‍ക്ക് ശേഷവും പ്രേക്ഷകപ്രീതി നിലനിര്‍ത്തുന്ന ചിത്രങ്ങളാണ് അവയില്‍ പലതും.