മുംബൈ: താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കളേഴ്സ് ഇൻഫിനിറ്റി ചാനലിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം താപ്‌സി പന്നു. ചാനലിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയിൽ ഈഅടുത്ത് താരം പങ്കെടുത്തിരുന്നു. പരിപാടിയിൽ എല്ലാ ആണുങ്ങളും വൃത്തികെട്ടവരാണെന്നും പക്ഷെ നടൻ വിക്കി കൗശൽ വ്യത്യസ്തനാണെന്നും താപ്‌സി പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു.

ആണുങ്ങളെ മോശമായ പദപ്രയോഗം കൊണ്ട് അടച്ചാക്ഷേപിച്ചുവെന്ന് ആരോപിച്ച് താപ്‌സി പന്നുവിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.   എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കളേഴ്സ് ചാനൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് താരം ​ചാനലിനെതിരെ പരസ്യമായി രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ.

കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും തന്റെ വാക്കുകൾ വളച്ചൊടിച്ച ചാനലിന്റെ ദയനീയാവസ്ഥ തന്നെ അതിശയിപ്പിക്കുന്നു. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാൻ ശരിക്കും എന്താണ് പറഞ്ഞതെന്ന് നിങ്ങളുടെ ഷോയിൽ കാണിക്കുമെങ്കിൽ അത് കുറച്ച് കൂടി തമാശയാകുമായിരുന്നു, താപ്‌സി ട്വിറ്ററിൽ കുറിച്ചു. കളേഴ്സ് ഇൻഫിനിറ്റി, കളേഴ്സ് എന്നീ ചാനലുകളുടെ പേര് പരാമർശിച്ചാണ് താരത്തിന്റെ ട്വീറ്റ്. നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയാണ് താരം ട്വീറ്റ് ചെയ്തത്. 

അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാനിലെ പ്രധാനകഥാപാത്രങ്ങളെ വിക്കിയും താപ്‌സിയും ചേർന്നാണ് അവതരിപ്പിച്ചത്. അഭിഷേക് ബച്ചൻ നായകനായ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നതിന് മുമ്പ് തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും വിവാഹം കഴിക്കാന്‍ എല്ലാം കൊണ്ടും വിക്കി കൗശൽ‌ യോഗ്യനാണെന്നും പരിപാടിയില്‍ താപ്‌സി പറയുന്നുണ്ട്. ഷോയുടെ പ്രൊമേയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലാണ് താപ്‌സിയുടെ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽമീഡിയിൽ പങ്കുവച്ച് പ്രെമോ വീഡിയോ വൻ വൈറലായിരുന്നു.