മാര്‍ച്ച് 24 മുതലുള്ള ലോക്ക് ഡൗണ്‍ കാലത്തിലൂടെയുള്ള രാജ്യത്തിന്‍റെ മുന്നോട്ടുപോക്കിനെ ക്യാമറയില്‍ പകര്‍ത്തി സംവിധായകന്‍ ഭരത് ബാലയും സംഘവും. ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ കണ്ട 14 സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ നാല് മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ഒരു ചിത്രമായാണ് പുറത്തുവരിക. 'നാം അതിജീവിക്കും' എന്നു പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ ആറിന് റിലീസ് ചെയ്യും.

ഭരത് ബാലയ്ക്കൊപ്പം 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 117 പേരുടെ സംഘവും ചേര്‍ന്നാണ് ചിത്രീകരണം നടത്തിയത്. മുംബൈയിലായിരുന്നു ചിത്രീകരണത്തിന്‍റെ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം. വീഡിയോ കോളുകളിലൂടെയാണ് സംവിധായകന്‍ വിവിധ സംസ്ഥാനങ്ങളിലുള്ള ചിത്രീകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. ജൂണ്‍ ആറിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.