കൊവിഡ് 19 രോഗത്തിന്റെ ദുരിതത്തിലാണ് രാജ്യമെങ്ങും. ലോക്ക് ഡൗണിലായിരുന്നു കുറെ കാലം. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ലോക്ക് ഡൗണില്‍ ഇളവു നല്‍കുമ്പോഴും എല്ലാവരും കരകയറാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. കൊവിഡിന്റെ ദുരിതം മറികടക്കാൻ കര്‍ഷകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി അമലയും ഭര്‍ത്താവും നടനുമായ നാഗാര്‍ജുനയും.

കര്‍ഷ കുടുംബങ്ങളെ സഹായിക്കാൻ രംഗത്ത് എത്തുകയായിരുന്നു അമല. 650 കര്‍ഷകര്‍ക്കാണ് കൃഷി ചെയ്യാനുള്ള വിത്തുകള്‍ അമല വിതരണം ചെയ്‍തത്. അമലയുടെ ഉദ്യമത്തിന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധി വിഷ്‍ണുവര്‍ദ്ധൻ കര്‍ഷകര്‍ക്ക് വിത്തു വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ അമല ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു ഏക്കര്‍ കൃഷി ചെയ്യാനുള്ള വിത്തുകളാണ് നല്‍കിയത്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് നാഗാര്‍ജുനയും അമലയും രംഗത്ത് എത്തിയിരുന്നു.