Asianet News MalayalamAsianet News Malayalam

ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം; അക്ഷയ് കുമാറിന്‍റെ 'ലക്ഷ്‍മി ബോംബ്' പേര് മാറ്റി

ചിത്രത്തിന്‍റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു.  ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

name changed of akshay kumar starrer laxmmi bomb
Author
Thiruvananthapuram, First Published Oct 29, 2020, 6:34 PM IST

ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പേര് മാറ്റി അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം 'ലക്ഷ്‍മി ബോംബ്'. ദീപാവലി റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു.  ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്‍റെ പേര് മാറ്റിയതായുള്ള തീരുമാനം നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ചിത്രത്തിന്‍റെ പേര് മാറ്റിയ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ലക്ഷ്മി ബോംബ്' എന്നതിനുപകരം 'ലക്ഷ്മി' എന്നു മാത്രമായിരിക്കും ചിത്രത്തിന്‍റെ പുതിയ പേര്. ലക്ഷ്മി എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള സ്പെല്ലിംഗും മാറ്റിയിട്ടുണ്ട്. നേരത്തെ Laxmmi എന്നായിരുന്നത് പുതിയ ടൈറ്റില്‍ അനുസരിച്ച് Laxmii എന്നാക്കിയിട്ടുണ്ട്.

അഭിഭാഷകനായ രാഘവേന്ദ്ര മെഹ്‌റോത്ര മുഖേനയാണ് കര്‍ണിസേന നോട്ടീസ് അയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദു സംസ്‌കാരത്തിന്‍റെ പ്രത്യയശാസ്ത്രം, ആചാരങ്ങൾ, ദേവന്മാർ, ദേവതകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശമാണ് തലക്കെട്ട് നൽകുന്നതെന്നായിരുന്നു സംഘടനയുടെ ആരോപണം. 'ലക്ഷ്മി' എന്ന പേരിനൊപ്പം 'ബോംബ്' എന്ന വാക്ക് ചേര്‍ത്തുവച്ചതാണ് നേരത്തെ ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം നടത്തിയവര്‍ തങ്ങള്‍ക്ക് അസ്വീകാര്യമെന്ന് പ്രചരിപ്പിച്ചത്. ഒപ്പം ചിത്രത്തിലെ നായികാ  നായകന്മാരുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം 'ലവ് ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇവര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. 'ആസിഫ്' എന്നാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നാണ് കരുതപ്പെടുന്നത്. നായിക കിയാര അദ്വാനിയുടെ കഥാപാത്രത്തിന്‍റെ പേര് 'പ്രിയ'യെന്നും. 

ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന മറ്റൊരു ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ ആയിരക്കണക്കിന് ട്വീറ്റുകളാണ് സമാനരീതിയില്‍ ഉണ്ടായത്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തെയും അക്ഷയ് കുമാറിനെയും എതിര്‍ത്ത് സ്ഥാനം പിടിച്ചപ്പോള്‍ അക്ഷയ് കുമാര്‍ ആരാധകര്‍ എതിര്‍ ഹാഷ് ടാഗുമായും രംഗത്തെത്തിയിരുന്നു. #WeLoveUAkshayKumar എന്ന ടാഗില്‍ നിരവധി ട്വീറ്റുകളുമായി അവരും രംഗത്തെത്തിയിരുന്നു. 

name changed of akshay kumar starrer laxmmi bomb

 

തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സ് തന്നെയാണ്. കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്. ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. 

Follow Us:
Download App:
  • android
  • ios