'മായാനദി'ക്കു ശേഷം ആഷിക്കിന്‍റെ നായകനായി ടൊവീനോ

ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദന്‍റെ' (Naradhan) ഫസ്റ്റ് ലുക്ക് (First Look) പുറത്തെത്തി. ഒരു കൂട്ടം പഴയ ടെലിവിഷന്‍ സെറ്റുകളില്‍ ഒരു കൊളാഷ് കണക്കെയാണ് നായകന്‍റെ മുഖം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തെളിയുന്നത്. 'വൈറസി'നു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. ഫസ്റ്റ് ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.

ഈ വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ്. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസും സൈജു ശ്രീധരനും ചേര്‍ന്ന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, വിതരണം ഒപിഎം സിനിമാസ്. 

അന്ന ബെന്‍ ആണ് നായിക. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മായാനദിക്കു ശേഷം ടൊവീനോ നായകനാവുന്ന ആഷിക് അബു ചിത്രവുമാണിത്. വൈറസിലും ടൊവീനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വൈറസിനു ശേഷം ഈ വര്‍ഷം തിയറ്ററുകളിലെത്തിയ 'ആണും പെണ്ണും' എന്ന ആന്തോളജിയില്‍ ആഷിക് ഒരു ചെറുചിത്രം സംവിധാനം ചെയ്‍തിരുന്നു. 'റാണി' എന്നു പേരിട്ടിരുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.