ദില്ലി: അനുപം ഖേറിനെ മുഖസ്തുതിക്കാരനെന്നും കോമാളിയെന്നും നസീറുദ്ദാന്‍ ഷാ വിളിച്ചത് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മിസോറാം ഗവര്‍ണര്‍  സ്വരാജ് കൗശല്‍. നന്ദികെട്ടവന്‍ എന്നാണ് സ്വരാജ് കൗശല്‍ നസീറുദ്ദീന്‍ ഷായെ ട്വിറ്ററിലൂടെ വിളിച്ചത്. 

''നസീറുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും  പണവും നല്‍കി... നിങ്ങള്‍ മറ്റൊരു മതത്തില്‍ നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്കുപോലും പറഞ്ഞില്ല. നിങ്ങളുടെ സഹോദരന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റ്നന്‍റ് ജനറലായി. തുല്യമായ അവസരങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണോ. എന്നിട്ടും നിങ്ങള്‍ സന്തോഷവാനല്ല. നിങ്ങള്‍ വേര്‍തിരിവിനെക്കുറിച്ച് പറയുന്നു. നിങ്ങള്‍ പറയുന്നതെല്ലാം നിങ്ങളുടെ വിവേചനശക്തി. എന്നാല്‍ അനുപം അദ്ദേഹത്തിന്‍റെ സ്വന്തം രാജ്യത്ത് വീടില്ലാതാകുന്നതിന്‍റെ വേദനയെനെക്കുറിച്ച് പറയുമ്പോള്‍ അത് മുഖസ്തുതി പാടല്‍'' - സ്വരാജ് കൗശല്‍ പറഞ്ഞു. 

നസീറുദ്ദീന്‍ ഷായുടെ ദേഷ്യം അദ്ദേഹത്തിന്‍റെ നിരാശയില്‍ നിന്ന് ഉണ്ടായതാണെന്നും സ്വരാജ് കൗശല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അനുപം ഖേറിന്‍റെ വാക്കുകള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നും. അദ്ദേഹമൊരു കോമാളിയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റേത് മുഖസ്തുതി പാടുന്ന സ്വഭാവമാണെന്ന് സിനിമാ സ്കൂളുകളില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പറയാന്‍ കഴിയും. അത് അദ്ദേഹത്തിന്‍റെ രക്തത്തിലുള്ളതാണ്, അതില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലെന്നും നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. 

ജെഎന്‍യു സന്ദര്‍സിച്ച ദീപിക പദുകോണിനെ നസീറുദ്ദീന്‍ ഷാ പ്രശംസിക്കുകയും ചെയ്തിരുന്നു. മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍ തന്നെ, ഒരുപാട് നഷ്ടപ്പെടാനുണ്ടായിട്ടും ജെഎന്‍യുവില്‍ പോകാന്‍ കാണിച്ച ദീപികയുടെ ധൈര്യത്തെ തീര്‍ച്ചയായും പ്രശംസിക്കണം.  അത്തരമൊരു പ്രവര്‍ത്തികൊണ്ട് ദീപികയുടെ പ്രശസ്തി കുറയുമോ? അതുകൊണ്ട് മാത്രം അവര്‍ക്കിപ്പോഴുള്ള സൗന്ദര്യം കുറയുമോ ? സിനിമാ മേഖല ആരാധിക്കുന്ന ഒരേയൊരു ദൈവം പണമാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.