രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് ഇതിഹാസം നസീറുദ്ദീന്‍ ഷായും അഭിനയിക്കുന്നു

മമ്മൂട്ടി വീണ്ടും തമിഴില്‍ എത്തുന്ന ചിത്രം. അതും അമരന്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്തെ മികവുറ്റ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ഒടിടിയിലൂടെ മറുഭാഷകളിലും മമ്മൂട്ടിക്ക് ആരാധകര്‍ കൂടിയ കാലമാണിത്. അതിനാല്‍ ധനുഷിനൊപ്പം മമ്മൂട്ടി എത്തുന്നു എന്നത് തമിഴ് സിനിമാപ്രേമികളും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഓം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച് ആവേശം പകരുന്ന ഒരു പുതിയ അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നല്ല, മറിച്ച് ബോളിവുഡില്‍ നിന്നാണ് അത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിലെ നസീറുദ്ദീന്‍ ഷായുടെ സാന്നിധ്യമാണ് അണിയറക്കാര്‍ ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടി- നസീറുദ്ദീന്‍ ഷാ കോമ്പോ വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും യാഥാര്‍ഥ്യമാവുന്നു എന്നതാണ് ഈ അനൗണ്‍സ്മെന്‍റ് മലയാളികളെ സംബന്ധിച്ച് പകരുന്ന കൗതുകം. ടി വി ചന്ദ്രന്‍റെ സംവിധാനത്തില്‍ 1994 ല്‍ പുറത്തെത്തിയ പൊന്തന്‍മാടയില്‍ മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒന്നിച്ച് അഭിനയിച്ചിരുന്നു. ടൈറ്റില്‍ റോളില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ശീമ തമ്പുരാന്‍ എന്ന കഥാപാത്രത്തെയാണ് നസീറുദ്ദീന്‍ ഷാ അവതരിപ്പിച്ചത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്.

8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ചിത്രം രണ്ട് ഭാഗങ്ങളിലായാണ് വരുന്നത്. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക, നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming