ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് 'സീൻ'. നസ്രിയ നായികയാകുന്ന ഈ ചിത്രത്തിൽ നടൻ നസ്ലെൻ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നസ്ലെൻ്റെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിൻ്റെയും ആദ്യ തമിഴ് ചിത്രമാണിത്.
സൂര്യയും മലയാള സംവിധായകൻ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് സീൻ. നസ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ വില്ലൻ റോളിൽ നടൻ നസ്ലെനും ഉണ്ട്. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 6ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ സീൻ തന്റെ ആദ്യ തമിഴ് പടമാണെന്നും സിനിമ കണ്ട ശേഷം താൻ മലയാളത്തിൽ മാത്രം നിന്നാൽ മതിയോന്ന് പ്രേക്ഷകർ പറയണമെന്നും പറയുകയാണ് നസ്ലെൻ. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നസ്ലെൻ.
"ഇതെന്റെ ആദ്യത്തെ തമിഴ് പടമാണ്. അത് വളരെ സ്പെഷ്യലുമാണ്. പടം കണ്ടിട്ട് നിങ്ങൾ പ്രേക്ഷകരാണ് പറയേണ്ടത് ഞാൻ മലയാളത്തിൽ മാത്രം നിന്നാൽ മതിയോ എന്ന്. നവംബർ 6ന് പടം കണ്ടിട്ട് അഭിപ്രായം പറയൂ. തെറ്റുണ്ടെങ്കിൽ പറയണം. അത് ഞാൻ തിരുത്തും. കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ് സിനിമയിലേത്. എല്ലാവരുടേയും സ്നേഹം ഇനിയും ഉണ്ടാവണം", എന്നായിരുന്നു നസ്ലെന്റെ വാക്കുകൾ.
സീൻ കേരളത്തിൽ എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് ആണ്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റർടൈനര്‍ ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് സീൻ. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി.








