66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരംപ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിലൊക്കെ ഏറ്റവുമധികം തെളിഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരൻപിലെ അഭിനയത്തിന് അവാർഡ് മമ്മൂട്ടിക്ക് നല്‍കുക എന്നാണ്  അവാർഡ് പ്രഖ്യാപനം തുടങ്ങിയപ്പോൾ മുതൽ മലയാളി സിനിമാ പ്രേക്ഷകരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്. അവാർഡ് ഞങ്ങളുടെ മമ്മൂക്കായ്ക്ക്, മികച്ച നടൻ മമ്മൂട്ടി, അവാർഡ് ഫോർ മമ്മൂട്ടി, അങ്ങനെ നീണ്ടു കമന്റുകളുടെ പ്രവാഹം.

.


മമ്മൂട്ടിക്കായി കമന്റ്  പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം  ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ്  ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍. 

അവിടെയും തീർന്നില്ല, വീണ്ടും  മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിക്ഷേധം.